---
title: "#maveli |കുടയും കുടവയറും കിരീടവുമായി പ്രജകളെ കാണാന്‍  ഇത്തവണ  കൊയിലാണ്ടിയില്‍ മുരളീധരന്‍ ചേമഞ്ചേരി ഇല്ല "
english_title: "No more Muralidharan Chemanchery to be Maveli"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/141079/no-more-muralidharan-chemanchery-to-be-maveli"
published_at: "2023-08-22T18:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e4ad7582b97_murali_logo.JPG"
keywords: []
---

# #maveli |കുടയും കുടവയറും കിരീടവുമായി പ്രജകളെ കാണാന്‍  ഇത്തവണ  കൊയിലാണ്ടിയില്‍ മുരളീധരന്‍ ചേമഞ്ചേരി ഇല്ല 

> **Lead Summary:** **കൊയിലാണ്ടി: **18 വര്‍ഷത്തോളമായി ഓണക്കാലത്ത് മാവേലി വേഷം ധരിച്ച് പ്രജകളെ കാണാന്‍ എത്തിയിരുന്ന മുരളീധരന്‍ ചേമഞ്ചേരിയുടെ വിയോഗം ഇന്നും കൊയിലാണ്ടിക്ക് തീരാ നഷ്ടമായി നില്‍ക്കുന്നു. മാവേലി തമ്പുരാന്റെ രൂപംകൊണ്ടും ഭാവം കൊണ്ടും കൊയിലാണ്ടി എന്നും ഓര്‍ക്കുന്ന ആളായിരുന്നു മുരളീധരന്‍ ചേമഞ്ചേരി. 

## Article Content

**കൊയിലാണ്ടി: **18 വര്‍ഷത്തോളമായി ഓണക്കാലത്ത് മാവേലി വേഷം ധരിച്ച് പ്രജകളെ കാണാന്‍ എത്തിയിരുന്ന മുരളീധരന്‍ ചേമഞ്ചേരിയുടെ വിയോഗം ഇന്നും കൊയിലാണ്ടിക്ക് തീരാ നഷ്ടമായി നില്‍ക്കുന്നു. മാവേലി തമ്പുരാന്റെ രൂപംകൊണ്ടും ഭാവം കൊണ്ടും കൊയിലാണ്ടി എന്നും ഓര്‍ക്കുന്ന ആളായിരുന്നു മുരളീധരന്‍ ചേമഞ്ചേരി. 

നഗരവീഥികളിലൂടെ നടന്ന്‌  പ്രജകളുടെ വിശേഷങ്ങള്‍ തിരക്കി കടകളായ കടകളെല്ലാം കയറി പ്രജകള്‍ക്കനുഗ്രഹം നല്‍കി മടങ്ങുന്ന മാവേലി മുരളീധരന്‍ ചേമഞ്ചേരി . ജീവിതം കലകള്‍ക്കായി മാറ്റി വച്ച പ്രതിഭയായായിരുന്നു അദ്ദേഹം. പമ്പയില്‍ നിന്ന് സന്നിധാനത്തിലേക്കുള്ള യാത്രയ്‌ക്കിടയില്‍ ഹൃദയാഘാതം വന്നതാണ് അദ്ദേഹത്തിന്റെ മരണ കാരണം. 

കഴിഞ്ഞ 37 വര്‍ഷമായി നാടോടി, ക്ലാസിക്കല്‍, വാദ്യോപകരണങ്ങള്‍ ഉള്‍പ്പെടുന്ന വിവിധ കലാരൂപങ്ങളില്‍ സജീവമായി ഇടപെട്ട കലാകാരനായിരുന്നു മുരളീധരന്‍.  കലാരംഗത്ത് മുന്നേറാനുള്ള ഒരുപാട് മോഹങ്ങള്‍ ബാക്കിവെച്ചാണ് മുരളീധരന്‍ അകാലത്തില്‍ വിടവാങ്ങിയത്.  മലബാര്‍ സുകുമാരന്‍ ഭാഗവതര്‍, ശിവദാസ് ചേമഞ്ചേരി എന്നിവരുടെ ശിഷ്യനായി ആറാംവയസ്സിലാണ് മുരളീധരന്‍ കലാരംഗത്തേക്ക് എത്തിയത്.തബലയിലായിരുന്നു തുടക്കം.  ക്രമേണ മൃദംഗം, ചെണ്ട, തകില്‍, ഗഞ്ചിറ, ഘടം എന്നിവയും സ്വായത്തമാക്കി.  പിതാവ് പറമ്പില്‍ നാണുവും ചെറിയച്ഛന്‍ ശ്രീധരനുമായിരുന്നു തെയ്യത്തിന്റെ ബാലപാഠങ്ങള്‍ മുരളീധരനെ പഠിപ്പിച്ചത്.     ആദ്യ അരങ്ങേറ്റം പതിമ്മൂന്നാംവയസ്സില്‍ ചേമഞ്ചേരി വെള്ളാരി ഭഗവതിക്ഷേത്രത്തിലായിരുന്നു. ലളിതഗാനം, മോണോ ആക്ട്, മിമിക്രി എന്നിവയിലും പ്രതിഭ തെളിയിച്ചു.  ചേമഞ്ചേരി പഞ്ചായത്തിനെ പ്രതിനിധാനംചെയ്ത് കേരളോത്സവവേദികളിലും തിളങ്ങി. ഭഗവതി, അഗ്‌നി ഘണ്ടാകര്‍ണന്‍, തീക്കുട്ടി ചാത്തന്‍ എന്നീ കോലങ്ങള്‍ തന്മയത്വത്തോടുകൂടിയാണ് മുരളീധരന്‍ കെട്ടിയാടുക.  ഇതോടൊപ്പം തെയ്യങ്ങളുടെ ചമയനിര്‍മാണം, മുഖത്തെഴുത്ത്, തോറ്റം എന്നിവയിലും കഴിവുതെളിയിച്ചു. തൃക്കുറ്റിശ്ശേരി ശിവശങ്കരമാരാരാണ് ചെണ്ടമേളങ്ങളിലും തായമ്പകയിലും പരിശീലനം നല്‍കിയത്.  വിവിധ രാഗവര്‍ണനകളിലൂടെ രാമായണവും ഭാഗവതവും പാരായണം ചെയ്യുന്ന മുരളീധരന്റെ രീതിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.  കഥകളിയാചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ മുരളീധരന്റെ കലാജീവിതത്തില്‍ എന്നും വഴികാട്ടിയായിരുന്നു

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/141079/no-more-muralidharan-chemanchery-to-be-maveli)