കൊയിലാണ്ടി : നെസ്റ്റ് കൊയിലാണ്ടിയുടെ നേതൃത്വത്തില്‍ മെയ് 13, 14 തിയ്യതികളിലായി 'ഉള്ളോളമറിയാം' പ്രീ അഡോളസെന്‍സ് ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് അവര്‍ക്ക് വലിയ അനുഭവങ്ങള്‍ നല്‍കാമെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്യാമ്പില്‍ 20 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ജീവിതകാലം മുഴുവന്‍ ഓര്‍ത്തുവെച്ചു കൊണ്ട് നന്മയുള്ള, സഹനുഭൂതിയുള്ള ഒരു പൗരനാകാന്‍ വേണ്ട അനുഭവങ്ങള്‍ ക്യാമ്പിലൂടെ കുട്ടികള്‍ക്ക് ലഭ്യമായി.
മെയ് 13 നു ബഹു. കല്പറ്റ നാരായണന്‍ മാഷ് ഉദ്ഘാടനം ചെയ്ത ക്യാമ്പിന്റെ ആദ്യ ദിനത്തില്‍ ആശയവിനിമയത്തിന്റെ പ്രാധാന്യവും, വിവിധ തലങ്ങളും സൈക്കോളജിസ്‌റ് വ്യക്തമാക്കി. തുടര്‍ന്ന് അനാഥരായ ഭിന്നശേഷിക്കാരായ കുട്ടികളെ ചേര്‍ത്തുനിര്‍ത്തുന്ന നെസ്റ്റിന്റെ കെയര്‍ ഹോം സന്ദര്‍ശനത്തിലൂടെ ജീവിതത്തിന്റെ മറ്റൊരു മുഖം കുട്ടികള്‍ക്ക് മനസിലാക്കാനായി. പ്രശസ്ത മോട്ടിവേഷന്‍ സ്പീക്കര്‍ പി എം എ ഗഫൂറിന്റെ വാക്കുകള്‍ അവര്‍ക്ക് ഏറെ പ്രചോദനമായി. രണ്ടാം ദിവസം നെസ്റ്റ് പാലിയേറ്റീവ് ഡോക്ടര്‍ ഫര്‍സാനയുടെ സെഷന്‍ പാലിയേറ്റീവ് എന്താണെന്നും അതില്‍ കുട്ടികളുടെ റോള്‍ എന്താണെന്നും വ്യക്തമാക്കി. തുടര്‍ന്ന് കുട്ടികളെ ഉള്‍പെടുത്തിക്കൊണ്ട് നെസ്റ്റിന്റെ പരിചരണത്തില്‍ കഴിയുന്ന നിരവധി രോഗികളുടെ വീടുകളിലായി നടത്തിയ ഹോം കെയര്‍ അവര്‍ക്ക് തികച്ചും വ്യത്യസ്തമായ ഒരനുഭവമായിരുന്നു.
ഐ എ എസ് ഹോള്‍ഡര്‍ ശാരിക എ കെ വിശിഷ്ടാഥിതിയായിരുന്ന സമാപന ചടങ്ങില്‍ ചെയര്‍മാന്‍ അബ്ദുള്ള കരുവഞ്ചേരി, ട്രഷറര്‍ ടി. പി ബഷീര്‍, ബഷീര്‍ ബാത്ത , രാജേഷ് കീഴരിയൂര്‍, അര്‍ഷക് ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. കുട്ടികളുടെ ജീവിതത്തിലെ മികച്ചതും അര്‍ഥപൂര്‍ണവുമായ ദിനങ്ങളായിരുന്നു ക്യാമ്പിലേതെന്ന് കുട്ടികളും രക്ഷിതാക്കളും ഒരു പോലെ അഭിപ്രായപ്പെട്ടു.
Nest organized 'Ullolamariyam' camp