കൊയിലാണ്ടി: കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് ഭക്തജന തിരക്കേറുന്നു. കളിയാട്ട മഹോത്സവത്തിന്റെ നാലാം ദിവസമായ ബുധനാഴ്ച വലിയ ഭക്തജന തിരക്കാണ് ക്ഷേത്രത്തില്‍ അനുഭവപ്പെട്ടത്. രാവിലെ കാഴ്ചശിവേലിക്കുള്ള മേളത്തിന് കടമേരി ഉണ്ണികൃഷ്ണന്‍ മാരാര്‍ മേള പ്രമാണിയായി. വൈകിട്ട് കാഴ്ചശീവേലിക്ക് കാഞ്ഞിരശ്ശേരി പത്മനാഭന്‍ മേള പ്രമാണിയായി. രാത്രി എട്ടുമണിക്ക് ശുകപുരം രാധാകൃഷ്ണന്‍ ഒരുക്കിയ തായമ്പക ഏറെ ആസ്വാദ്യകരമായിരുന്നു. സിനിമ മിമിക്രി താരമായ മനോജ് ഗിന്നസ് നയിച്ച മെഗാ ഷോയും ഹൃദ്യമായി.
ഉത്സവത്തിന്റെ അഞ്ചാം ദിവസമായ വ്യാഴാഴ്ച രാവിലെയുള്ള കാഴ്ച ശീവേലിയ്ക്ക് സന്തോഷ് കൈലാസ് നേതൃത്വം നല്‍കും. വൈകിട്ട് പോരൂര്‍ ഹരിദാസ് ആണ് മേളപ്രമാണി. രാത്രി എട്ടുമണിക്ക് അത്താല്ലൂര്‍ ശിവന്റെ തായമ്പകമുണ്ടാവും. ചലച്ചിത്ര സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ നയിക്കുന്ന സംഗീത നിശ രാത്രി നടക്കും.
കല്പാന്ത കാലത്തോളം എന്ന പേരിട്ട ഈ സംഗീത നിശയില്‍ വില്‍ സ്വരാജ്, ഷാജുമംഗലം, റീന മുരളി എന്നിവരും അണിനിരക്കും. ഏപ്രില്‍ നാലിനാണ് ചെറിയ വിളക്ക്. രാവിലെയുള്ള കാഴ്ച ശീവേലിക്ക് മുചുകുന്ന് ശശിമാരാര്‍ മേള പ്രമാണിയാകും.
തുടര്‍ന്ന് കോമത്ത് പോക്ക് എന്ന ആചാരപരമായ ചടങ്ങ് നടക്കും. വൈകിട്ട് പാണ്ടിമേളസമേതമുള്ള കാഴ്ചശീവേലിക്ക് കാഞ്ഞിരശ്ശേരി വിനോദ് മാരാര്‍ നേതൃത്വം നല്‍കും. ഗോപീകൃഷ്ണന്‍ മാരാരുടെയും കല്പാത്തി ബാലകൃഷ്ണന്റെയും തായമ്പകയും ഗാനമേളയും ഉണ്ടാവും. ഏപ്രില്‍ അഞ്ചിന് വലിയ വിളക്കും ആറിന് കളിയാട്ടവുമാണ്.
Kollam Pisharikavu Kaliyatta festival draws crowds of devotees