കൊയിലാണ്ടി : കുറുവങ്ങാട് ശ്രീ മണക്കുളങ്ങര ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞുണ്ടായ അപകടത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം കൈമാറി. ദാരുണമായ സംഭവമാണ് ക്ഷേത്രത്തില്‍ നടന്നതെന്നും കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു എന്നും ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
പരിക്കേറ്റ എല്ലാവര്‍ക്കും സൗജന്യ ചികിത്സ സര്‍ക്കാര്‍ ഉറപ്പാക്കുന്നതോടൊപ്പം ഗുരുതരമായി പരിക്കേറ്റവര്‍ക്കും സാമ്പത്തിക സഹായം നല്‍കുമെന്ന് മന്ത്രി പറഞ്ഞു. നാട്ടാന പരിപാലന ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണം. ഇത്തരത്തിലുള്ള അനിഷ്ട സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകളെ കുറിച്ച് പരിശോധിച്ച് ആവശ്യമായ തീരുമാനമെടുക്കുമെന്നും മന്ത്രി പറയുകയുണ്ടായി.
ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുമായും ജനപ്രതിനിധികളുമായും മന്ത്രി സംസാരിച്ചു. മരണപ്പെട്ട വടക്കയില്‍ രാജന്റെ സഹോദരന്‍ വടക്കയില്‍ ദാസന് ക്ഷേത്ര പരിസരത്തു നിന്നും മന്ത്രി ധനസഹായം കൈമാറി. മരണപ്പെട്ട കുറുവങ്ങാട് വട്ടാംകണ്ടി താഴെക്കുനി ലീല, താഴത്തേടത്ത് അമ്മുക്കുട്ടി അമ്മ എന്നിവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം അവരുടെ വീടുകളിലെത്തി മന്ത്രി ബന്ധുക്കള്‍ക്ക് നല്‍കി.
ഗുരുവായൂര്‍ ദേവസ്വം മൂന്ന് ലക്ഷം, മലബാര്‍ ദേവസ്വം രണ്ട് ലക്ഷം എന്നിങ്ങനെ അഞ്ചു ലക്ഷം രൂപയ്ക്കുള്ള ചെക്കുകളാണ് മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് കൈമാറിയത്. മന്ത്രിയ്‌ക്കൊപ്പം കാനത്തില്‍ ജമീല എംഎല്‍എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട്, വൈസ് ചെയര്‍പേഴ്‌സണ്‍ അഡ്വ കെ സത്യന്‍, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍ കെ ഷിജു, കൗണ്‍സിലര്‍ പ്രഭ, ഗുരുവായൂര്‍, മലബാര്‍ ദേവസ്വം പ്രതിനിധികള്‍ എന്നിവരുമുണ്ടായിരുന്നു.
Devaswom Department Minister handed over five lakh rupees to the families of those killed by elephants