കൊയിലാണ്ടി : കൊയിലാണ്ടി നെല്യാടി കളത്തിന്‍ കടവിലെ പുഴയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ 1 മണിയോടെ മീന്‍ പിടിക്കാന്‍ പോയവരാണ് മൃതദേഹം കണ്ടെത്തിയത്.
പൊക്കിള്‍കൊടി മുറിച്ചു മാറ്റാത്ത നിലയില്‍ ഒരു ആണ്‍കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടാകാമെന്നും കാണുമ്പോള്‍ തന്നെ ജീര്‍ണിച്ച അവസ്ഥയിലായിരുന്നു എന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
നെല്ല്യാടി കളത്തിന്‍കടവ് സമീപത്തെത്തിയപ്പോള്‍ എന്തോ ഒന്ന് പൊങ്ങിക്കിടക്കുന്നതുപോലെ കണ്ടുവെന്നും അടുത്തെത്തി ടോര്‍ച്ച് അടിച്ചുനോക്കിയപ്പോഴാണ് കുട്ടിയുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞതെന്നും അവര്‍ പറഞ്ഞു.
പൊക്കിള്‍കൊടിയോടെ ചുവപ്പ് തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. തുണിയില്‍ പൊതിഞ്ഞിരുന്നെങ്കിലും പാതിശരീരവും കാണാമായിരുന്നു. ഉടനെ അടുത്ത് പരിചയമുള്ള നാട്ടുകാരനെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് കൊയിലാണ്ടി പൊലീസിനെ വിവരമറിയിച്ചു.
വിവരം അറിഞ്ഞ് ഫയര്‍ ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി. പിന്നീട് പുഴയില്‍ നിന്ന് കരക്കെടുത്ത മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പുഴയില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
The body of a newborn baby was found in the Koyaladi River