കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് വ്യാപനത്തിന്റെ ഭീഷണി കുറഞ്ഞുവരുന്നതായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലയിലെ കണ്‍ടെയ്ന്‍മെന്റ് സോണുകളില്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സെപ്റ്റംബര്‍ 25 തിങ്കളാഴ്ച മുതല്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കേണ്ടതാണെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സനായ ജില്ലാ കലക്ടര്‍ എ ഗീത ഉത്തരവിട്ടു.
അതേസമയം, കണ്‍ടെയ്ന്‍മെന്റ് സോണുകളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവിടെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് വരെ അധ്യയനം ഓണ്‍ലൈനായി തുടരേണ്ടതാണ്. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തിങ്കളാഴ്ച മുതല്‍ വിദ്യാര്‍ഥികള്‍ പതിവുപോലെ എത്തിച്ചേരേണ്ടതാണ്. വിദ്യാര്‍ഥികളും അധ്യാപകരും മറ്റ് ജീവനക്കാരും മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമായും ഉപയോഗിക്കേണ്ടതാണ്. വിദ്യാലയങ്ങളുടെ പ്രവേശന കവാടത്തിലും ക്ലാസ് മുറികളിലും സാനിറ്റൈസര്‍ വെക്കേണ്ടതും എല്ലാവരും ഇതുപയോഗിച്ച് കൈകള്‍ സാനിറ്റൈസ് ചെയ്യേണ്ടതുമാണ്. ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജാഗ്രതയുടെ ഭാഗമായി സെപ്റ്റംബര്‍ 16ലെ ഉത്തരവ് പ്രകാരം അധ്യയനം ഓണ്‍ലൈനിലേക്ക് മാറ്റിയിരുന്നു.
All educational institutions, except those in the containment zone, will open as usual from Monday