പൂക്കാട് : നാട്ടിന്‍ പുറത്തെ ചായക്കടക്കാരന്റെ ഏകാന്ത ജീവിത വഴിയിലൂടെ സമകാലീന രാഷ്ടീയവസ്ഥകള്‍ ചര്‍ച്ച ചെയ്ത് അകലെ അകലെ മോസ്‌ക്കോ പൂക്കാട് കലാലയത്തില്‍ ഒരുക്കിയ അമേച്ചര്‍ നാടകോത്സവത്തില്‍ അരങ്ങേറി. സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെ തൃശൂര്‍ പ്ലാറ്റ്‌ഫോം തിയറ്റര്‍ ട്രൂപ്പ് തയ്യാറാക്കിയ നാടകം ചേമഞ്ചേരി നാരായണന്‍ നഗരിയിലെ സുവര്‍ണജൂബിലിവേദിക്ക് മുമ്പില്‍ ആയിരങ്ങള്‍ ഹൃദയം കൊണ്ട് ഏറ്റുവാങ്ങി.
ഇന്ത്യയില്‍ പ്രഖ്യാപിച്ച അടിയന്തിരാവസ്ഥയുടെ തീഷ്ണമായ നാളുകളിലെ ജയില്‍വാസവും നക്‌സല്‍ബാരിയും സോവിയേറ്റ് യൂണിയനിലെ ഗ്ലാസ് നോസ്റ്റും പെരിസ്‌ട്രോയിക്കും ചായക്കടയുടെ വാതില്‍ പാളികള്‍ തുറന്ന് അകത്തേക്ക് മാര്‍ച്ച് ചെയ്തു.
താന്‍ വായിച്ചും കേട്ടുമറിഞ്ഞ മോസ്‌ക്കോയുടെ പ്രതാപം നേരിട്ട് നുകരാന്‍ കൊതിച്ച് ഉപജീവനത്തിനുള്ള കട പോലും വിറ്റ് യാത്രയ്ക്ക് തയ്യാറാവുന്ന സഖാവ് കുഞ്ഞിരാമന് സോവിയേറ്റ് യൂണിയന്റെ തകര്‍ച്ച രക്തസാക്ഷിത്വം വഹിച്ച ഭാര്യയുടെ വേര്‍പാടിനോളം വലുപ്പമുള്ളതായിരുന്നു. അയാള്‍ കയര്‍ തുമ്പേറി ഭാര്യയുടെ അടുക്കലേക്ക് യാത്രയവുന്നു.
കുഞ്ഞിരാമന് ജീവന്‍ പകര്‍ന്ന രാകേഷ്, ശിവാനന്ദന്‍, രജനരവി, സജില, ഇസ്മയില്‍, ശിവരാമന്‍, ശ്രീഹരി റാം, സുരേഷ് കുട്ടത്തി എന്നിവര്‍ അഭിനയ മികവ് പുലര്‍ത്തി. ശ്രീജിത്ത് പൊയില്‍ക്കാവ് രചനയും സഞ്ജു മാധവ സംവിധാനവും നിര്‍വ്വഹിച്ച നാടകത്തില്‍ സനോജ് ദീപസംവിധാനവും ഫ്രാന്‍സിസ് ചിറയത്ത് രംഗസജ്ജീകരണവും നടത്തി.
Far away #Moscow to the #heart of the #pookkad peoples #koyilandy