കൊയിലാണ്ടി; എസ്എആര്‍ബിടിഎം ഗവ. കോളേജ് സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെയും പുതുതായി നിര്‍മ്മിച്ച അക്കാദമിക് ബ്ലോക്കിന്റെയും പുരുഷ ഹോസ്റ്റലിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നിര്‍വ്വഹിക്കും. വൈകുന്നേരം നാല് മണിക്ക് മുചുകുന്ന് കോളേജ് ക്യാമ്പസ്സില്‍ നടക്കുന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആര്‍ ബിന്ദു അധ്യക്ഷത വഹിക്കും. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് മുഖ്യാതിഥിയാവും.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളാണ് സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് നടത്തുന്നത്. 9.31 കോടി രൂപ ചെലവിലാണ് പുതിയ അക്കാദമിക് ബ്ലോക്ക് നിര്‍മ്മിച്ചത്. 15 ക്ലാസ്സ് മുറികള്‍, രണ്ട് ലാബ്, നാല് ഡിപ്പാര്‍ട്ടുമെന്റുകള്‍, ഐക്യൂഎസി മുറി, നാല് ശുചിമുറി ബ്ലോക്കുകള്‍, രണ്ട് ഭിന്നശേഷി സൗഹൃദ ശുചിമുറി എന്നിവയാണ് അക്കാദമിക് ബ്ലോക്കിലുള്ളത്.
രണ്ട് കോടി രൂപ ചെലവിലാണ് പുരുഷ ഹോസ്റ്റല്‍ നിര്‍മ്മാണം. 15 മുറികള്‍, രണ്ട് ശുചിമുറി ബ്ലോക്കുകള്‍, അടുക്കള, സ്റ്റഡി ഏരിയ, റിസപ്ഷന്‍ എന്നിവയാണ് ഉള്ളത്. ചടങ്ങില്‍ എംഎല്‍എമാരായ കാനത്തില്‍ ജമീല, ടി പി രാമകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് തുടങ്ങിയവര്‍ പങ്കെടുക്കും.
SARBTM Govt. College Golden Jubilee Celebration Tomorrow; Chief Minister to Inaugurate