കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ ചെറിയ വിളക്കുത്സവം ഭക്തിസാന്ദ്രമായി. രാവിലെ കാഴ്ചശീവേലിയ്ക്ക് ശേഷം അനുഷ്ഠാനപരമായ വണ്ണാന്റെ അവകാശ വരവും കോമത്ത് പോക്ക് ചടങ്ങും നടന്നു. ക്ഷേത്രത്തിലെ പ്രധാന കോമരം കോമത്ത് തറവാട്ടുകാരെ ഉത്സവത്തിന് ക്ഷണിക്കാന്‍ പോകുന്ന ചടങ്ങാണിത്. കോമരത്തെ കോമത്ത് തറവാട്ടുകാര്‍ നിലവിളക്ക്, നിറനാഴി, നാളികേരം എന്നിവ നാക്കിലയില്‍വെച്ച് ഭക്ത്യാദരപൂര്‍വ്വം എതിരേറ്റു. ശേഷം തറവാട്ട് കാരണവര്‍ കോമരത്തെ കൈപിടിച്ച് ആനയിച്ചു. കോമരം വീട്ടുകാരെ അരിയെറിഞ്ഞു അനുഗ്രഹിച്ചു. ക്ഷേത്രം സ്ഥാപിക്കാന്‍ സ്ഥലം നല്‍കി സഹായിച്ച കോമത്ത് തറവാട്ടുകാരുടെ പടിഞ്ഞാറ്റയിലായിരുന്നു ആദ്യം ദേവി കുടികൊണ്ടതെന്നാണ് ഐതിഹ്യം.
ശനിയാഴ്ച വലിയ വിളക്ക് ഉത്സവമാണ്. രാവിലത്തെ മേളത്തിന് ഇരിങ്ങാപ്പുരം ബാബുവും വൈകീട്ടത്തെ മേളത്തിന് ശുകപുരം ദിലീപും മേള പ്രമാണിമാരാകും. രാവിലെ 9.30ന് ഓട്ടന്‍ തുള്ളലുമുണ്ടാകും. കാലത്ത് മന്ദമംഗലത്ത് നിന്നുള്ള ഇളനീര്‍ക്കുല വരവും വസൂരിമാല വരവും ക്ഷേത്ര സന്നിധിയിലെത്തും. വൈകുന്നേരം മൂന്ന് മണി മുതല്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇളനീര്‍ക്കുല വരവുകള്‍, തണ്ടാന്റെ അരങ്ങോല വരവ്, കൊല്ലത്ത് അരയന്റെ വെള്ളിക്കുട വരവ്, കൊല്ലന്റെ തിരുവായുധം വരവും മറ്റ് അവകാശ വരവുകളും ക്ഷേത്രാങ്കണത്തിലെത്തും. രാത്രി ഏഴ് മണിക്ക് കെ.സി.വിവേക് രാജയുടെ വയലിന്‍ സോളോ ഉണ്ട്.
രാത്രി 11 മണിക്ക് ശേഷം ഭഗവതിയുടെ പുറത്തെഴുന്നളളിപ്പാണ്. സ്വര്‍ണ്ണ നെറ്റിപ്പട്ടം കെട്ടിയ പിടിയാനപ്പുറത്ത് ക്ഷേത്രത്തിലെ പ്രധാന നാന്ദകം എഴുന്നള്ളിക്കും. കേരളത്തിലെ അറിയപ്പെടുന്ന വാദ്യകുലപതികളായ ഇരിങ്ങാപ്പുറം ബാബു, ശുകപുരം ദിലീപ്, കടമേരി ഉണ്ണികൃഷ്ണ മാരാര്‍, കാഞ്ഞിലശ്ശേരി വിനോദ് മാരാര്‍, കാഞ്ഞിലശ്ശേരി പത്മനാഭന്‍, റിജില്‍ കാഞ്ഞിലശ്ശേരി, പോരൂര്‍ കൃഷ്ണദാസ്, വെളിയണ്ണൂര്‍ സത്യന്‍ മാരാര്‍, സന്തോഷ് കൈലാസ്, മാരായ മംഗലം രാജീവ്, മുചുകുന്ന് ശശി മാരാര്‍, കൊട്ടാരം വിനു, വിപിന്‍ മാങ്കുറുശ്ശി, മണികണ്ഠന്‍ മാങ്കുറുശ്ശി, കാഞ്ഞിലശ്ശേരി അരവിന്ദന്‍, ശരവണന്‍ വളയനാട് എന്നിവരുടെ നേതൃത്വത്തില്‍ 150 വാദ്യ കലാകാരന്‍മാര്‍ അണിനിരക്കുന്ന രണ്ട് പന്തി മേളത്തോടെയാണ് ഭഗവതിയുടെ പുറത്തെഴുന്നളളിപ്പ്. ക്ഷേത്ര പ്രദക്ഷിണം കഴിഞ്ഞ് പുലര്‍ച്ചെ വാളകം കൂടും. കരിമരുന്ന് പ്രയോഗവും ഉണ്ടാകും. ഏപ്രില്‍ ആറ് ഞായറാഴ്ചയാണ് കാളിയാട്ടം
Pisharikav Kaliyatta festival; Thousands came to the small lamp festival, big lamp festival tomorrow