കോഴിക്കോട്; പോലീസ് സേവനങ്ങളെ സംബന്ധിച്ച് പൊതു ജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്തുന്നതിനുള്ള പരാതി പരിഹാര സംവിധാനം നിലവില്‍ വന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലും ക്യു ആര്‍ കോഡ് പ്രദര്‍ശിപ്പിക്കും. പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷനായി നിര്‍മ്മിച്ച പുതിയ കെട്ടിടം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പോലീസ് സ്റ്റേഷനുകളില്‍ സ്ഥാപിക്കുന്ന ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പൊതുജനങ്ങള്‍ക്ക് ലഭ്യമായ സേവനങ്ങള്‍ തൃപ്തികരമാണോ അല്ലയോ എന്ന് രേഖപ്പെടുത്താന്‍ സാധിക്കും. കേസ് രജിസ്റ്റര്‍ ചെയ്തശേഷം രസീത് ലഭ്യമാക്കാതിരിക്കുക, അപേക്ഷ സ്വീകരിക്കാതിരിക്കുക, ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റം, സേവനത്തിന് കൈക്കൂലി ആവശ്യപ്പെടല്‍ തുടങ്ങി എല്ലാവിധ പരാതികളും ഇതുവഴി അറിയിക്കാന്‍ സാധിക്കും. 'തുണ' വെബ്‌സൈറ്റിലും പോള്‍ ആപ്പിലും ഈ സൗകര്യം ലഭ്യമാകും.
ജനപക്ഷത്തു നിന്നാവണം പോലീസുകാര്‍ കൃത്യ നിര്‍വഹണം നടത്തേണ്ടത്. പൊതുജനങ്ങളോട് മൃദുവായും കുറ്റവാളികളോട് ദൃഢമായും ഇടപെടണം. പൊതുജനങ്ങള്‍ക്ക് ഭയ രഹിതമായി പോലീസ് സ്റ്റേഷനുകളില്‍ കയറി വരാന്‍ സാധിക്കണമെന്നും യഥാര്‍ത്ഥ പ്രശ്‌നങ്ങളുമായി വരുന്നവര്‍ക്ക് പരിഹാരവുമായി തിരികെ പോകാന്‍ സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പെരുവണ്ണാമൂഴി അങ്ങാടിക്ക് സമീപം ജല വിഭവവകുപ്പ് അനുവദിച്ച കുറ്റ്യാടി ജലസേചന പദ്ധതിയുടെ 50 സെന്റ് സ്ഥലത്താണ് 1.46 കോടിരൂപ ചെലവഴിച്ച് പുതിയ കെട്ടിടം നിര്‍മിച്ചത്. കേരള പോലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍സ് കോര്‍പ്പറേഷനാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
പെരുവണ്ണാമൂഴിയില്‍ നടന്ന പ്രാദേശിക ചടങ്ങില്‍ ടി പി രാമകൃഷ്ണന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ പി ബാബു, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍, ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി, കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിന്ദു, ബ്ലോക്ക് -ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി കെ ഇ ബൈജു സ്വാഗതവും പേരാമ്പ്ര പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് വി വി ലതീഷ് നന്ദിയും പറഞ്ഞു.
QR code will be displayed at all police stations for public to comment