കോഴിക്കോട്; നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുകയോ നിര്‍മ്മിക്കുകയോ ചെയ്യുന്ന സ്ഥാപനള്‍ക്ക് നേരെ കര്‍ശന നടപടിയുമായി ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി ജില്ല തലത്തിലെ രണ്ട് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളും പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയും, പുതുതായി അഞ്ച് സ്‌ക്വാഡുകള്‍ രൂപീകരിക്കുകയും ചെയ്തു. ഇന്റെണല്‍ വിജിലന്‍സ് ഓഫീസര്‍ മാരുടെ (ഐവിഒ) നേതൃത്വത്തിലാണ് പുതിയ സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുക. ഒപ്പം തദ്ദേശ സ്ഥാപനങ്ങളും പരിശോധന ശക്തമാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഗ്രാമപഞ്ചായത്തുകള്‍ ആഴ്ചയില്‍ രണ്ട് ദിവസവും നഗരസഭയും കോര്‍പ്പറേഷനും എല്ലാ ദിവസവും പരിശോധന നടത്തേണ്ടതാണ്. ഉദ്യോഗസ്ഥരുടെ കുറവ് അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ ആവശ്യമെങ്കില്‍ ദിവസവേതന നിരക്കില്‍ ഉദ്യോഗസ്ഥരെ നിയമിക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കഴിഞ്ഞ ഒരാഴ്ചക്കിടെ 100 പരിശോധനകള്‍ നടത്തിയതില്‍ 1,25,000 രൂപ പിഴ ചുമത്തി. തുടര്‍ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ എം. ഗൗതമന്‍ അറിയിച്ചു.
പ്ലാസ്റ്റിക് ക്യാരീബാഗുകള്‍ (കനം നോക്കാതെ), പ്ലാസ്റ്റിക് കോട്ടിങ്ങ് ഉള്ള പേപ്പര്‍ കപ്പുകള്‍, പേപ്പര്‍ പ്ലേറ്റുകള്‍, ബൗളുകള്‍ 500 മില്ലിക്ക് താഴെയുള്ള കുടിവെള്ള ബോട്ടിലുകള്‍, പ്ലാസ്റ്റിക് ടേബിള്‍ വിരികള്‍, തെര്‍മോക്കോള്‍, സ്റ്റെയിറോ ഫോം എന്നിവ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പ്ലേറ്റുകള്‍, കപ്പുകള്‍, അലങ്കാര വസ്തുക്കള്‍, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കപ്പുകള്‍, പ്ലേറ്റുകള്‍, സ്പൂണുകള്‍, ഫോര്‍ക്കുകള്‍, സ്‌ട്രോ, ഡിഷുകള്‍, നോണ്‍ വുവന്‍ ബാഗുകള്‍, പ്ലാസ്റ്റിക് ഫ്‌ലാഗുകള്‍, പ്ലാസ്റ്റിക് ബണ്ടിങ്ങ്, പ്ലാസ്റ്റിക് വാട്ടര്‍ പൗച്ചുകള്‍, പ്ലാസ്റ്റിക് ജ്യൂസ്, പിവിസി ഫ്‌ലക്‌സ് മെറ്റീരിയല്‍, ഗാര്‍ബേജ് ബാഗുകള്‍, പാക്കറ്റുകള്‍ എന്നിവയാണ് നിരോധിത ഉല്‍പ്പന്നങ്ങള്‍.
Prohibited plastic product; District administration with strict measures - 5 new enforcement squads added