കൊയിലാണ്ടി: കേരള വനിത കമ്മിഷന്‍ ജാഗ്രത സമിതി പുരസ്‌കാരത്തില്‍ സംസ്ഥാന തലത്തില്‍ ഒന്നാമതെത്തി കൊയിലാണ്ടി നഗരസഭ. ജാഗ്രത സമിതികളുടെ പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ച്ചവച്ച നാല് തലങ്ങളിലുള്ള ജാഗ്രത സമിതികള്‍ക്കാണ് (ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍, ജില്ലാ പഞ്ചായത്ത്) കേരള വനിത കമ്മിഷന്‍ അവാര്‍ഡ് നല്‍കുന്നത്. 2025-25 സാമ്പത്തിക വര്‍ഷം ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെച്ച നഗരസഭയ്ക്കുള്ള പുരസ്‌കാരമാണ് കൊയിലാണ്ടി നഗരസഭയ്ക്ക് ലഭിച്ചത്. 50,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
ജാഗ്രത സമിതി ഓഫീസുകളുടെ അടിസ്ഥാന ഭൗതിക സൗകര്യങ്ങള്‍, ജാഗ്രത സമിതിയില്‍ വരുന്ന പരാതികളുടെ എണ്ണം, പരിഹരിക്കപ്പെട്ടവയുടെ എണ്ണം, ജാഗ്രത സമിതി പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തിയ തുക, ചെലവഴിച്ച തുക, ജാഗ്രത സമിതി ഏറ്റെടുക്കുന്ന നൂതന പ്രവര്‍ത്തനങ്ങള്‍, ജാഗ്രത സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ബോധവല്‍ക്കരണ ക്ലാസുകള്‍ ഇവയൊക്കെ പരിഗണിച്ചായിരുന്നു പുരസ്‌കാരങ്ങള്‍ നിശ്ചയിച്ചത്.
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍, സ്വാതന്ത്ര്യ നിഷേധം, അവകാശ ലംഘനം എന്നിവയില്‍ ഇടപെട്ട് വനിത കമ്മിഷന്റെ സഹായത്തോടെ പരിഹരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ജാഗ്രത സമിതികള്‍.
Vigilance Committee Award; Koilandi Municipality is the first