കോഴിക്കോട് ; കോടഞ്ചേരി സെന്റ്. ജോസഫ് എല്‍.പി സ്‌കൂളിലെ അധ്യാപിക കട്ടിപ്പാറ സ്വദേശിനി അലീന ബെന്നി മരണപ്പെട്ട സംഭവത്തില്‍ സമഗ്ര അന്വേഷണം വേണം. അഞ്ച് വര്‍ഷമായി അധ്യാപകയായി ജോലി ചെയ്യുന്ന അലീന ബെന്നിയുടെ നിയമനം സംബന്ധിച്ച് മാനേജ്മെന്റ് നടത്തിയ കള്ളകളികളും നിയമനത്തിനായി പണം വാങ്ങിയിട്ടുണ്ടെന്ന ആരോപണവും അന്വേഷണ പരിധിയിലുള്‍പ്പെടുത്തണം. താമരശ്ശേരി രൂപത കോര്‍പ്പറേറ്റ് എജുക്കേഷണല്‍ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കട്ടിപ്പാറ നസ്രത്ത് എല്‍.പി സ്‌കൂളില്‍ 2019-ല്‍ നിലവിലില്ലാത്ത തസ്തികയില്‍ നിയമനം നടത്തി അധ്യാപികയെ കബളിപ്പിക്കുകയായിരുന്നു മാനേജ്മെന്റ്്.
2024 ജൂണില്‍ കോടഞ്ചേരിയില്‍ നിയമനം നല്‍കിയപ്പോള്‍ നിയമപ്രകാരം വിദ്യാഭ്യാസ വകുപ്പിന് നല്‍കേണ്ട രേഖകള്‍ മാനേജ്‌മെന്റ് നല്‍കിയിരുന്നില്ല. വകുപ്പ് ഉദ്യോഗസ്ഥര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും ആവശ്യമായ രേഖകള്‍ നല്‍കാത്തതിനാല്‍, ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷ വീണ്ടും സമര്‍പ്പിക്കാന്‍ 2025 ജനുവരി 3ന് വിദ്യാഭ്യാസ വകുപ്പ് അപേക്ഷ തിരിച്ച് അയച്ചിരുന്നു.
മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നും ഇത്തരത്തില്‍ ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചുവെന്നിരിക്കെയാണ് ഇതിന്റെ ഉത്തരവാദിത്തം വിദ്യാഭ്യാസ വകുപ്പിന് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്. ആയതിനാല്‍ ഈ വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണം.
Teacher's death: A thorough probe should be conducted - DYFI