പേരാമ്പ്ര ; പേരാമ്പ്ര ബൈപ്പാസില്‍ വീണ്ടും അപകടം. പേരാമ്പ്ര ബൈപ്പാസില്‍ കക്കാട് കുനിയില്‍ താഴ ഭാഗത്താണ് മിനി പിക്കപ്പ് വയലിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. നിലമ്പൂരില്‍ നിന്ന് ഫര്‍ണിച്ചറുകളുമായി പാനൂരിലേക്ക് പോവുകയായിരുന്ന കെഎല്‍ 48 ജെ 4664 മിനി പിക്കപ്പ് നിയന്ത്രണം വിട്ട് റോഡരികിലെ ഗാര്‍ഡ് സ്റ്റോണ്‍ തകര്‍ത്ത് സമീപത്തെ വയലിലെ കവുങ്ങില്‍ തോട്ടത്തിലേക്ക് മറിയുകയായിരുന്നു.
ഇന്ന് കാലത്ത് 9 മണിയോടെയാണ് സംഭവം. വാഹനത്തിന് വേഗത കുറവായിരുന്നതായി ദൃസാക്ഷികള്‍ പറഞ്ഞു. വാഹനത്തില്‍ ഡ്രൈവറും സഹായിയും മാത്രമാണ് ഉണ്ടായിരുന്നത്. ഇരുവരും പരുക്കുകളൊന്നുമേല്‍ക്കാതെ രക്ഷപ്പെട്ടു.
അപകടം കാണാനെത്തിയ സമീപവാസിയായ വയോധികക്ക് മറ്റൊരു വാഹനമിടിച്ച് പരുക്കേറ്റു. മരുതിയാട്ട് ഓമന അമ്മ (73)ക്കാണ് പരിക്കേറ്റത്. റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ എതിരെ വന്ന ടിപ്പര്‍ ഇവരെ ഇടിക്കുകയായിരുന്നു. തലക്കും കൈക്കും പരുക്കേറ്റ ഓമന അമ്മയെ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപടത്തില്‍പെട്ട മിനി പിക്കപ്പ് ക്രയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി മാറ്റി.
Another accident in Perampara Bypass; The mini pickup overturned in a field