കൊയിലാണ്ടി: കൊല്ലം ചിറയിൽ നീന്താനിറങ്ങി മുങ്ങിപ്പോയ കോളേജ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. വൈകുന്നേരം 6.55ഓടെയാണ് മൃതദേഹം കിട്ടിയത്.
മൂടാടി മലബാർ കോളേജിലെ ഡിഗ്രി വിദ്യാർത്ഥിയാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് നാല് കൂട്ടുകാർക്കൊപ്പം വിദ്യാർത്ഥി ചിറയിൽ നീന്താൻ എത്തിയത്.
നീന്തുന്നതിനിടെ പെട്ടെന്ന് മുങ്ങിപ്പോയ വിദ്യാർത്ഥിയെ കൂടെയുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വീണ്ടും ആഴത്തിലേക്ക് താഴ്ന്നു പോവുകയായിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്.
ഉടൻ തന്നെ കുട്ടികൾ നാട്ടുകാരെ വിവരം അറിക്കുകയായിരുന്നു. തുടർന്ന് കൊയിലാണ്ടി പോലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുകയായിരുന്നു. കോഴിക്കോട് നിന്നും ഫയർഫോഴ്സിന്റെ സ്കൂബാ ടീമും സ്ഥലത്ത് തിരച്ചിലിന് എത്തിയിരുന്നു.
The body of a student who drowned while swimming in Kollam Chira has been recovered