കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ വീഴ്ച്ച മോണോആക്ട് പ്രമേയമാക്കി റിതിക. റവന്യൂ ജില്ല കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മോണോ ആക്ടില്‍ ഒന്നാം സ്ഥാനവുമായി റിതിക ലാലിഷ്. തിരുവങ്ങൂര്‍ എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് റിതിക.
കൈവിരലിന്റെ ശസ്ത്രക്രിയയ്‌ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഗുരുതര വീഴ്ച്ചയെ ആറാം വിരല്‍ എന്ന പ്രമേയത്തിലൂടെ റിതിക വേദിയില്‍ അവതരിപ്പിച്ചു.
ആലുവയില്‍ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ദാരുണമായ സംഭവവും പെണ്‍ കുട്ടികള്‍ക്ക് നേരെ ഉള്ള ഉപദ്രവവും അന്ധവിശ്വാസവും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള അവതരണം കലാസ്വാദകരുടെയും കാണികളുടെയും മനസ്സില്‍ തട്ടി.
രണ്ടാം ക്ലാസ്സ് മുതല്‍ മോണോ ആക്ടില്‍ താല്പര്യം പ്രകടിപ്പിച്ച റിതിക സത്യന്‍ മുദ്ര അധ്യാപകന് കീഴില്‍ പരിശീലനം നേടുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം ഇതേ ഇനത്തില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. ലാലിഷ് കവിത ദമ്പതികളുടെ മകളാണ് ഈ കൊച്ചുമിടുക്കി.
Ritika Lalish won first position in mono act at kozhikkod