കൊയിലാണ്ടി : ‘ശുചിത്വ കേരളം സുസ്ഥിര കേരളം’ എന്ന ലക്ഷ്യത്തോടെ മാലിന്യമുക്ത നവകേരളം യാഥാർത്ഥ്യമാക്കുന്നതിനുള്ള ജനകീയ ക്യാമ്പയിന്റെ (2024 ഒക്ടോബർ 2 മുതൽ 2025മാർച്ച് 30 വരെ) ഭാഗമായി സിവിൽ സ്റ്റേഷനിലെ വിവിധ വകുപ്പുകളിലെ ജീവനക്കാർക്ക് ശില്പശാല സംഘടിപ്പിച്ചു. സിവിൽ സ്റ്റേഷനിലെ മുഴുവൻ ഓഫീസുകളും ഹരിത ഓഫീസാക്കി മാറ്റുന്നതിന് ശിൽപശാലയിൽ തീരുമാനിച്ചു.
ശില്പശാലയിൽ തഹസിൽദാർ ജയശ്രീ എസ് വാര്യർ സ്വാഗതം പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി അംഗം എ സുധാകരൻ പദ്ധതി വിശദീകരിച്ചു.
നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി പ്രജില, നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എൽ ലിജോയ് , ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ നിരഞ്ജന എന്നിവർ സംസാരിച്ചു.
ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നതിനും അജൈവമാലിന്യങ്ങൾ വേർതിരിച്ച് ഹരിത കർമ്മ സേനയ്ക്ക് നൽകുന്നത് കാര്യക്ഷമമാക്കുന്നതിനും തീരുമാനിച്ചു.
ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരിക്കുന്നതിനും, മലിനജലം ഓഫീസ് കോമ്പൗണ്ടിൽ ഒരിടത്തും കെട്ടിക്കിടക്കുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിനും ഉദ്യോഗസ്ഥർക്ക് ചുമതല നൽകി.
ഓഫീസുകളിൽ നിശ്ചിത ഇടവേളകളിൽ ക്ലീനിങ് ഡ്രൈവ് നടത്തുന്നതിനും തീരുമാനമായി. ഓഫീസുകളിൽ നടക്കുന്ന യോഗങ്ങൾ ഗ്രീൻ പ്രോട്ടോകോൾ പാലിച്ചു നടത്തുന്നതിനും ഓഫീസും പരിസരവും ചെടികൾ നട്ടുപിടിപ്പിച്ച് ഭംഗി വരുത്തുന്നതിനും തീരുമാനിച്ചു.
തഹസിൽദാർ ചെയർമാനായി സിവിൽ സ്റ്റേഷൻ തല ശുചിത്വ മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും തീരുമാനമായി. നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഓഫീസ് കോമ്പൗണ്ടിൽ ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടികൾ എടുക്കുന്നതിനും തീരുമാനിച്ചു.
Koyilandi Mini Civil Station is Green Office