തിക്കോടി : ഗ്രാമ പഞ്ചായത്തിലെ പള്ളിക്കര, കോഴിപ്പുറം പ്രദേശങ്ങളിൽ തെരുവുനായ ശല്ല്യം രൂക്ഷമാകുന്നു. കാൽനടയാത്രികർ മുതൽ ഇരുചക്രവാഹനമുപയോഗിക്കുന്നവർക്ക് പോലും ഇതുവഴി കടന്നു പോകാൻ കഴിയാത്ത തരത്തിലാണ് തെരുവുനായകളുടെ ആക്രമണം.
സാധാരണക്കാരായ കൃഷിക്കാരും കർഷകതൊഴിലാളികളും, ദിവസവേതനത്തിൽ ഉപജീവനം കണ്ടെത്തുന്നവരും. സമീപത്തായി രണ്ട് ഹൈസ്‌കൂളുകൾ.
രണ്ട് എൽ പി സ്‌കൂൾ, മദ്രസ്സ എന്നിവിടങ്ങളിലെ വിദ്യാർഥികളും ഭീതിയോടെയാണ് പുറത്തിറങ്ങുന്നത്. ആക്രമണ ഭീഷണി മാത്രമല്ല, രാത്രിയോടെ ആരംഭിക്കുന്ന തെരുവു നായകളുടെ ബഹളം കുട്ടികൾക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ശരിയായി ഉറങ്ങുവാനോ കഴിയാത്ത അവസ്ഥയാണുണ്ടാക്കുന്നത്.
കൂടാതെ, വീട്ടുപകരങ്ങളും, ചെരിപ്പുപോലുള്ള വസ്‌തുക്കളും എടുത്തു കൊണ്ടുപോകുന്നതും കടിച്ചുകീറുന്നതും ഇരുചക്ര വാഹനങ്ങൾ കടിച്ചു നാശ നഷ്ടങ്ങൾ വരുത്തുന്നതും പതിവാകുകയാണ്.
ഒരാഴ്‌ച മുമ്പ് പേ ബാധിച്ച നായയുടെ കടിയേറ്റ് നിരവധി പേർ മാരകമായ മുറിവേറ്റ് ചികിത്സയിലായിരുന്നു. തെരുവുനായകളുടെ ആക്രമണ ഭീതിയിലാണ് ഒരു ഗ്രാമം.
സംഭവത്തിൽ അടിയന്തിര ഇടപെടലും പരിഹാരവും ആവശ്യപ്പെട്ട് സൗഹൃദം പള്ളിക്കരയുടെ നേതൃത്വത്തിൽ ഒപ്പുശേഖരണത്തിന് തുടക്കമായി.
പ്രദേശവാസികളുടെ ഒപ്പോടുകൂടി തിരുവനന്തപുരം എൽ എസ് ജി ഡി വകുപ്പ് ഡയരക്ടർ, ജില്ലാ കലക്ടർ, തിക്കോടി പഞ്ചായത്ത് എന്നിവർക്ക് നിവേദനം സമർപ്പിക്കും. ഒപ്പുശേഖരണ പരിപാടിക്ക് ഉണ്ണികൃഷ്ണൻ വായാടി, പ്രജീഷ് പ്രജിമ, വിനയരാജ് മമ്മിളി, പ്രശാന്ത് താഴെ ഇല്ലത്ത്, സുമേഷ് പൊയിൽ, പ്രതീഷ് പുതിയൊട്ടിൽ എന്നിവർ നേതൃത്വം നൽകി.
street nuisance; A signature collection was conducted under the leadership of Sadhyam Pallikara demanding immediate intervention and solution