കോഴിക്കോട് : കൊയിലാണ്ടിയിലെ പൂക്കാട്, ചേലിയ പ്രദേശങ്ങളില്‍ മോഷണ പരമ്പര. നാല് ക്ഷേത്രങ്ങളിലും കോഴിക്കടയിലും ചെരുപ്പ് കടയിലുമാണ് പുലര്‍ച്ചെയോടെ മോഷണം നടന്നത്.
കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം, ശ്രീകൃഷ്ണ ക്ഷേത്രം, തിരുവങ്ങൂര്‍ നരസിംഹ പാര്‍ത്ഥസാരഥി ക്ഷേത്രം, ചേലിയ ആലങ്ങോട്ട് ക്ഷേത്രം എന്നിവിടങ്ങളിലും ചേലിയ ടൗണിലെ കോഴിക്കടയിലും പൂക്കാട് ടൗണിലെ ചെരിപ്പ് കട എന്നിവിടങ്ങളിലാണ് മോഷണമുണ്ടായത്.
കാഞ്ഞിലശ്ശേരി ശിവക്ഷേത്രത്തിലെ മൂന്ന് ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് പണം കവര്‍ന്നിട്ടുണ്ട്. എത്ര രൂപ നഷ്ടമായി എന്ന് കണ്ടെത്താനായിട്ടില്ല.
കഴിഞ്ഞ ജൂണ്‍ 12 ന് ഭണ്ഡാരം തുറന്ന് പണം എടുത്തതിനാല്‍ വലിയ തുക നഷ്ടപ്പെടാന്‍ സാധ്യതയില്ലെന്ന കണക്കുകൂട്ടലിലാണ് ക്ഷേത്ര ഭാരവാഹികള്‍.
മറ്റ് ക്ഷേത്രങ്ങളിലുണ്ടായ നഷ്ടം കണക്കാക്കി വരുന്നതേയുള്ളൂ. ചേലിയയിലെ കോഴിക്കടയുടെ വാതില്‍ തകര്‍ത്ത് മോഷ്ടാവ് അകത്തുകടക്കുന്ന ദൃശ്യം സി സി ടി വിയില്‍ പതിഞ്ഞിട്ടുണ്ട്.
പുലര്‍ച്ചെ രണ്ടരക്കും മൂന്നരക്കും ഇടയിലാണ് മോഷണം നടന്നതെന്ന് വ്യക്തമായിട്ടുണ്ട്. കൊയിലാണ്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒന്നിലേറെ പേര്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ മോഷണം ആവാനാണ് സാധ്യതയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Robbery in 4 temples, Kozhikada and Cheripupkada in Koyalandy