കൊയിലാണ്ടി : പന്തലായനി ഗവ. എച് എസ് എസിലെ വിദ്യാർത്ഥികൾക്ക് റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിലുള്ള ബുദ്ധിമുട്ടിൽ പരിഹാരം തേടികൊണ്ട് കൊയിലാണ്ടി മുനിസിപ്പൽ എം എസ് എഫ് കമ്മിറ്റി ശ്രീ. ഷാഫി പറമ്പിൽ എം പി ക്ക് നിവേദനം നൽകി.
സ്കൂളിലേക്ക് ബസ് മാർഗ്ഗം വന്ന് സിവിൽ സ്റ്റേഷൻ ബസ് സ്റ്റോപ്പിൽ ഇറങ്ങുന്ന വിദ്യാർത്ഥികളും, പടിഞ്ഞാറ് ഭാഗത്ത് നിന്ന് കാൽനടയായി വരുന്ന വിദ്യാർത്ഥികളും റെയിൽവേ ട്രാക്ക് മുറിച്ച് കടന്നാണ് സ്കൂളിലേക്ക് യാത്ര ചെയ്യുന്നത്.
നിരവധി ട്രെയിനുകൾ കടന്ന് പോകുന്ന രാവിലെയും വൈകുന്നേരവും നൂറുകണക്കിന് വിദ്യാർത്ഥികൾ ഈ വഴി യാത്ര ചെയ്യുന്നത് ഒട്ടും സുരക്ഷിതമല്ല എന്ന ആശങ്ക കാലങ്ങളായി വിദ്യാർത്ഥികളും രക്ഷിതാക്കളും ഉയർത്തിയിട്ടും അധികാരികളോ ജനപ്രതിനിധികളോ ഗൗരവത്തിൽ എടുക്കുന്നില്ല.
കൊയിലാണ്ടിയിലും സമീപ പ്രദേശങ്ങളിലും ഒരു വർഷം റെയിൽവേ ട്രാക്കിൽ അപകടത്തിൽ പൊലിയുന്ന ജീവൻ്റെ കണക്ക് മാത്രം എടുത്താൽ ഈ ആവശ്യം എത്രമാത്രം ന്യായമാണെന്ന് മനസിലാകുമെന്ന് എം എസ് എഫ് എം പി യെ ബോധ്യപെടുത്തി.
എം എസ് എഫ് മുനിസിപ്പൽ പ്രസിഡന്റ് മുഹമ്മദ് നിസാം, ജന. സെക്രട്ടറി നബീഹ് അഹമ്മദ്, ഭാരവാഹികളായ മുഹമ്മദ് ഷംവീൽ, ഷാദിൽ നടേരി എന്നിവർ സംബന്ധിച്ചു
Pantalayani Govt. MSF has submitted a petition to the MP to resolve the travel plight of HSS students.