മേപ്പയ്യൂർ: മദ്യപിച്ച് ബഹളമുണ്ടാക്കിയവരെ പിരിച്ചു വിടാനെത്തിയ പോലീസിനെതിരെ മദ്യപസംഘത്തിന്റെ ആക്രമണം. സംഭവത്തിൽ മൂന്ന് പോലീസുകാർക്കും നാല് നാട്ടുകാർക്കും പരിക്കേറ്റിട്ടുണ്ട്. മേപ്പയ്യൂർ ടൗണിൽ മദ്യപിച്ചെത്തിയ രണ്ടംഗ സംഘം ബാർബർ ഷോപ്പുകാരനെ ആക്രമിച്ചതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങളുടെ തുടക്കം.
വാക്കേറ്റം കയ്യാങ്കളിയിൽ എത്തിയപ്പോൾ നാട്ടുകാർ പോലീസ് സ്‌റ്റേഷനിൽ അറിയിക്കുകയായിരുന്നു. തുടർന്നെത്തിയ പോലീസുദ്യോഗസ്ഥർ അക്രമികളെ പിടിച്ചു മാറ്റാനുള്ള ശ്രമത്തിലായിരുന്നു.
എന്നാൽ സംഘം പോലീസിനെയും ആക്രമിച്ചു. എസ്.ഐ. സി. ജയൻ, സീനിയർറ് സിവിൽ പോലീസ് ഓഫീസർ അനിൽകുമാർ, സിവിൽ പോലീസ് ഓഫീസർ ഷിജു ഒ.എം. എന്നിവർക്കാണ് പരിക്കേറ്റത്.
പിന്നീട് കൂടുതൽ പോലീസ് സ്ഥലത്തെത്തി ലാത്തിച്ചാർജ് നടത്തുകയായിരുന്നു. ഇതിൽ നാട്ടുകാരായ നാല് പേർക്കും പരിക്കേറ്റിട്ടുണ്ട്. ഷബീർ, ഷിബു എന്നിവർക്കും മറ്റ് രണ്ട് പേർക്കുമാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ ഷബീറും, ഷിബുവും ചികിത്സയിലാണ്.
പച്ചാസ് എന്നറിയപ്പെടുന്ന ഷിബു സ്ഥിരമായി പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ടെന്നും ലഹരി ഉപയോഗിക്കുന്ന ആളാണെന്നും പോലീസ് അറിയിച്ചു.
ഇയാൾക്കെതിരെ മേപ്പയ്യൂർ പോലീസ് സ്റ്റേഷനിൽ നിരവധി കേസുകൾ നിലവിലുണ്ട്. സംഭവത്തിൽ പോലീസിനെ ആക്രമിച്ചതിനും കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയതിനും നാല് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
#Liquor #gang #attacks #police #Mepayyur #Three #policemen #injured