കൊയിലാണ്ടി: ദേശീയപാത നിർമ്മാണത്തിൻ്റെ മറവിലുള്ള അനധികൃത കരിങ്കല്ല് കടത്ത് തടഞ്ഞ് സിപിഐ(എം) നേതാക്കളും പ്രവർത്തകരും. ഒരു മാനദണ്ഡങ്ങളും പാലിക്കാതെ പന്തലായനി പുത്തലത്ത് കുന്ന് ഭാഗത്താണ് ലക്ഷക്കണക്കിന് രൂപയുടെ ആയിരത്തിലധികം ലോഡ് കരിങ്കല്ല് കടത്തിയത്. കരിങ്കൽ കടത്ത് വിവാദമായതിനു പിന്നാലെ സിപിഐ(എം) കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി പി. ചന്ദ്രശേഖരൻ്റെ നേതൃത്വത്തിൽ പ്രവർത്തകരെത്തി തടയുകയായിരുന്നു.
കരിങ്കൽ കടത്ത് തടഞ്ഞതിനെ തുടർന്ന് തഹസിൽദാരുടെ നേത്വത്തിലുള്ള സ്പെഷ്യൽ സ്കോഡും വില്ലേജ് ഓഫീസറും സ്ഥലത്തെത്തുകയും കാര്യങ്ങൾ വിലയിരുത്തുകയും ചെയ്തു. സ്വകാര്യ വ്യക്തികൾക്ക് ടിപ്പർ ലോറിയിൽ ലോഡിന് 4000 രൂപ വീതം വാങ്ങിയാണ് പകൽക്കൊളള നടത്തുന്നതെന്നാണ് ആരോപണം.
മൂന്ന് ജെ.സി.ബികൾ ഉപയോഗിച്ച് പതിനഞ്ചിലധികം ലോറികളിൽ ഒരേ സമയം കരിങ്കല്ല് കടത്തുകയാണ് ചെയ്യുന്നത്. കരിങ്കൽ കടത്ത് തുടങ്ങിയിട്ട് കുറേ ദിവസങ്ങളായെന്നാണ് നാട്ടുകാർ പറയുന്നത്
. കോഴിക്കോട് കലക്ട്രേറ്റിൽ വെച്ച് മറ്റൊരു കാര്യം കലക്ടറുമായി ചർച്ച ചെയ്യുന്നതിനിടയിൽ അനധികൃത കരിങ്കൽ കടത്ത് വിഷയം ശ്രദ്ധയിൽപ്പെടുത്തിയതായി ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ടും സി.പി.ഐ.(എം) സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ചന്ദ്രശേഖരനും പറഞ്ഞു.
ഇവരെ കൂടാതെ കൗൺസിലർ പ്രജിഷ, പി.എം. ബിജു എന്നിവരും വിഷയം കലക്ടറുടെ മുമ്പിൽ അവതരിപ്പിക്കുകയുണ്ടായി. കരിങ്കൽ കടത്ത് അടിയന്തിരമായി ജിയോളജി വകുപ്പിനെ അറിയിച്ച് ശക്തമായ നടപടി സ്വീകരിക്കുമെന്ന് കലക്ടർ ഉറപ്പു നല്കിയിട്ടുണ്ട്.
സർക്കാരിൻ്റെയും ദേശീയ പാത അതോറിറ്റിയുടെയും അനുമതി കൂടാതെ ഒരു സാധനവും പുറത്തേക്ക് കടത്താൻ പാടില്ല എന്ന് നിയമമുള്ളിടത്താണ് അധികൃതമായി കരിങ്കൽ കടത്തുന്നത്. ഇങ്ങനെ നാല്പത് ലക്ഷത്തിലധികം രൂപ ഇവർ സർക്കാരിനെ കൊള്ളയടിച്ചു എന്നാണ് പരക്കെ ആരോപണം ഉയർന്നു വന്നിരിക്കുന്നത്. കരിങ്കല്ല് ഖനനം നടത്തി പുറത്തേക്ക് കൊണ്ടുപോകാൻ ജിയോളജി വകുപ്പിൻ്റെ അനുമതി വേണം.
ആ തരത്തിലുള്ള യാതൊരു അനുമതിയും തങ്ങൾ നല്കിയിട്ടില്ല എന്നാണ് ജിയോളജി വകുപ്പും റവന്യൂ ഉദ്യോഗസ്ഥരും പറയുന്നത്. അനധികൃത കരിങ്കൽ കടത്ത് നടത്തിയവർക്കെതിരെ കർശന നടപടിയെടുക്കുവാനും സർക്കാരിനുണ്ടായ നഷ്ടം അവരിൽ നിന്നും തിരിച്ചുപിടിക്കണമെന്നും സി.പി.ഐ.(എം.) നേതാക്കൾ ആവശ്യപ്പെട്ടു.
തടയാൻ ചെന്ന നേതാക്കളെ കരിങ്കൽ കടത്ത് ലോബികൾ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായും നേതാക്കൾ ആരോപിച്ചു. സി.പി.ഐ.(എം.) കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ചന്ദ്രശേഖരൻ, ലോക്കൽ കമ്മിറ്റി അംഗം മാങ്ങോട്ട് സുരേന്ദ്രൻ, പി.എം. ബിജു, സി.കെ.ആനന്ദൻ, കൗൺസിലർ പ്രജിഷ പി. തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അധികൃത കരിങ്കൽ കടത്ത് തടഞ്ഞത്.
#CPI(M) #leaders #activists #stopped #illegal #smuggling #granite #under #guise #national #highway #construction