മേപ്പയൂർ: തകർന്ന് കുണ്ടും കുഴിയുമായി കിടക്കുന്ന മേപ്പയൂർ - നെല്ല്യാടി റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് മേപ്പയൂർ പഞ്ചായത്ത് യു.ഡി.എഫ്. കമ്മിറ്റി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ തീരുമാനിച്ചു. പഞ്ചായത്ത് യു.ഡി.എഫ്. നേതൃയോഗം ജില്ലാ മുസ്‌ലിം ലീഗ് ആക്ടിംഗ് ജനറൽ സെക്രട്ടറി സി.പി.എ. അസീസ് ഉദ്ഘാടനം ചെയ്തു.
മേപ്പയൂർ - നെല്ല്യാടി റോഡ് നവീകരിക്കാൻ വേണ്ടി 42 കോടി രൂപയാണ് കഴിഞ്ഞ പിണറായി സർക്കാർ അനുവദിച്ചിരുന്നു. റോഡിൻ്റെ വളവുകൾ നിവർത്തുക, ആവശ്യമുള്ള സ്ഥലങ്ങളിൽ റോഡിന്റെ വീതി കൂട്ടുക, ഓവുചാലുകളും പാലങ്ങളും നിർമ്മിക്കുക, ബസ്റ്റോപ്പുകൾ പുതുക്കിപ്പണിയുക, ആവശ്യമുള്ള സ്ഥലങ്ങളിൽ റോഡിന്റെ വീതി കൂട്ടുക എന്നിവയൊക്കെയായിരുന്നു പദ്ധതി പ്രഖ്യാപനത്തിൽ ഉണ്ടായിരുന്നത്.
റോഡ് ഏറ്റവും മോശമായ അവസ്ഥയിലുള്ളത് മേപ്പയൂർ ടൗണിനും, നരക്കോടിനും ഇടയിലാണ്. മേപ്പയൂർ ടൗണിന് അടുത്തുള്ള കീഴനത്താഴ റോഡിലൂടെ നടന്നുപോവാനോ, വാഹനങ്ങൾക്ക് പോവാനോ കഴിയാത്ത അവസ്ഥയാണ് നിലവിൽ. സ്ഥിരമായി നിരവധി ആളുകൾക്കാണ് ഈ റോഡിൽ അപകടം സംഭവിക്കുന്നത്. റോഡിൽ പലപ്പോഴായി നടത്തിയ അറ്റകുറ്റപണികൾ ശാസ്ത്രീയ രീതിയിലല്ല ചെയ്തിരിക്കുന്നത്.
രണ്ടു കോടിയോളം രൂപ തുടർച്ചയായ വർഷങ്ങളിൽ റോഡിനുവേണ്ടി ചെലവഴിച്ചിട്ടുണ്ട്. അതിന്റെ പ്രവൃത്തിയൊന്നും ഈ റോഡിൽ നടന്നതായി കാണുന്നില്ല. പ്രഖ്യാപനങ്ങൾ കടലാസിൽ ഒതുക്കി അട്ടകുറ്റപ്പണി നടത്തുന്നത് അഴിമതി നടത്താനാണെന്ന് യു.ഡി.എഫ്. യോഗത്തിൽ ആരോപണം ഉയർന്നു. പി.ഡബ്ല്യൂ.ഡി.റോഡ് പ്രവർത്തനം കീഫ്ബിക്ക് കൈമാറിയിട്ടുണ്ടെങ്കിലും പ്രവർത്തനം തുടങ്ങിയിട്ടില്ല.
ചെറുവണ്ണൂർ, തിരുവള്ളൂർ, ആയഞ്ചേരി, കീഴരിയൂർ, തുറയൂർ, മേപ്പയ്യൂർ എന്നീ പ്രദേശങ്ങളിലെ ജനങ്ങൾക്ക് എളുപ്പത്തിൽ ദേശീയ പാതയിലേക്ക് എത്തിച്ചേരാനുള്ള റോഡു കൂടിയാണിത്. എത്രയും പെട്ടെന്ന് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുവാൻ മേപ്പയ്യൂർ പഞ്ചായത്ത് യു.ഡി.എഫ്. കമ്മിറ്റി യോഗം തീരുമാനിച്ചു.
കമ്മന അബ്ദുറഹിമാൻ, കെ.പി.വേണുഗോപാൽ, ടി.കെ.എ.ലത്തീഫ്, സുരേഷ് മൂന്നൊടിയിൽ, കെ.എം.കുഞ്ഞമ്മദ് മദനി, സി.പി.നാരായണൻ, കെ.പി.മൊയതി, അന്തേരി ഗോപാലകൃഷ്ണൻ, കെ.എം.എ.അസീസ്, കീഴ്പോട്ട് പി.മൊയ്തി, എം.എം.അഷ്റഫ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. യോഗത്തിൽ ചെയർമാൻ പറമ്പാട്ട് സുധാകരൻ അദ്ധ്യക്ഷനായിരുന്നു. കൺവീനർ എം.കെ.അബ്ദുറഹിമാൻ സ്വാഗതം പറഞ്ഞു.
#UDF #demanded #damaged #Mepayur #Nelliadi #road #be #made #passable #To #struggle