കൊയിലാണ്ടി : കൊയിലാണ്ടി വി ട്രസ്റ്റ് ഐ ഹോസ്പിറ്റലില്‍ കഴിഞ്ഞ ദിവസം അപൂര്‍വ്വ ശസ്ത്രക്രിയ നടന്നു. കണ്ണില്‍ അസ്വസ്ഥതയുമായി ആശുപത്രിയിലെത്തിയ രോഗിയുടെ കണ്ണില്‍ നിന്ന് ഡൈറോഫൈലേറിയ എന്ന വിരയെ ഡോക്ടര്‍മാര്‍ വിദഗ്ദമായി പുറത്തെടുത്തു. മനുഷ്യരില്‍ മന്ത് രോഗമുണ്ടാക്കുന്ന ഫൈലേറിയ വിരകളുടെ കൂട്ടത്തിലുള്ളതാണെങ്കിലും ഇവ, സാധാരണ മൃഗങ്ങളെയാണ് ബാധിക്കാറുള്ളത്, എന്നാല്‍ വളരെ അപൂര്‍വ്വമായി ഇവര്‍ മനുഷ്യരെയും ബാധിക്കാറുണ്ട്.
വി ട്രസ്റ്റ് കണ്ണാശുപത്രിയില്‍ ചികിത്സ തേടി എത്തിയ രോഗിയുടെ കണ്ണില്‍ നിന്ന്, ഡോക്ടര്‍മാരായ ലിമ വിജയനുണ്ണി ,മോഹിത മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് വിരയെ പുറത്തെടുത്തത്. ഡൈറോ ഫൈലേറിയ വേം ഇന്‍ ദി ഐ' എന്നാണ് വിരകള്‍ കണ്ണില്‍ കാണുന്നതിന് വൈദ്യശാസ്ത്ര രംഗത്ത് പൊതുവേ പറയപ്പെടുന്നത്. മന്ത് രോഗത്തിന് കാരണക്കാരായ വിരകളുടെ കൂട്ടത്തിലുള്ളതാണെങ്കിലും ഇവ മന്ത് രോഗം ഉണ്ടാക്കില്ല. കൊതുകിന്റെ ശരീരത്തില്‍ വളര്‍ച്ചയുടെ രണ്ട് ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഡൈറോ ഫൈലേറിയ മൂന്നാം ഘട്ട വളര്‍ച്ചയാണ് മനുഷ്യശരീരത്തില്‍ സാധ്യമാക്കുന്നത്.
സാധാരണ വളര്‍ത്തു മൃഗങ്ങളില്‍ കാണപ്പെടുന്ന വിരകള്‍ വളരെ വിരളമായാണ് മനുഷ്യ ശരീരത്തെ ആക്രമിക്കുന്നത്. മനുഷ്യ ശരീരത്തില്‍ ത്വക്ക്, ശ്വാസകോശം, കണ്ണ് എന്നീ അവയവങ്ങളിലാണ് കാണപ്പെടാറുള്ളത്. ഒരു തവണ കൊതുക് കടിച്ചാല്‍ തന്നെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിര എത്താനുള്ള സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു . 'ഈ വിരകള്‍ ശരീരത്തില്‍ എവിടെയും കയറാം. കണ്ണിലായത് കൊണ്ടാണ് നമുക്ക് കാണാനായത്. ഇപ്പോള്‍ ശ്വാസകോശത്തിലോ മറ്റോ ആയിരുന്നെങ്കില്‍ ശക്തമായ വിറയലും പനിയും അങ്ങിനെ പല ലക്ഷണങ്ങളും കാണാം. ത്വക്കിലാണെങ്കിലും അവിടെയും അസഹ്യമായ ചൊറിച്ചിലുണ്ടാകും. ഈ രണ്ടിടത്തും വിരകളെ കണ്ടെത്തണമെങ്കില്‍ വിശദമായ പരിശോധനകള്‍ നടത്തേണ്ടി വരും.
സ്ലിറ്റ് ലാംപ് മൈക്രോ സ്‌കോപ് ,അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് എന്നിവയുടെ സഹായത്തോടെ ആണു കണ്ണിലെ വിരയെ കാണാന്‍ സാധിച്ചത് . കണ്ണിന്റെ താഴത്തെ കണ്‍പോളക്കുള്ളില്‍ ഒരു മുഴക്കുള്ളിലായിട്ടായിരുന്നു വിരയുടെ സാന്നിധ്യം ഉണ്ടായിരുന്നത് .അതിനാല്‍ തന്നെ കാഴ്ചയെ ബാധിക്കാതെ വിരയെ പുറത്തെത്തിക്കാന്‍ സാധിച്ചു. കൃഷ്ണമണിയ്ക്ക് അകത്തായിരുന്നു വിര ഉണ്ടായിരുന്നതെങ്കില്‍ കാഴ്ചയെ തന്നെ ബാധിച്ചേനെയെന്ന് ഡോക്ടര്‍ അഭിപ്രായപ്പെട്ടു
A rare species of worm that grew in the eye was removed