---
title: "കൊയിലാണ്ടിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവം: കൂടുതൽ വിവരങ്ങൾ പുറത്ത്; പ്രതി പിടിയിൽ"
english_title: "Youth killed in rented house in Koyilandy police investigation-new"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/378530/koyilandy-rental-house-murder-case-update-new"
published_at: "2026-08-14T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ef4e080527_koyilandy-rental-house-murder-case-update.jpg"
keywords: ["Koyilandy", "Murder Case", "Police Investigation"]
---

# കൊയിലാണ്ടിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവം: കൂടുതൽ വിവരങ്ങൾ പുറത്ത്; പ്രതി പിടിയിൽ

> **Lead Summary:** **കൊയിലാണ്ടി: [**[ ]അരങ്ങാടത്ത് മീത്തലെക്കണ്ടി പള്ളിക്ക് പിറകുവശത്തെ വാടക വീട്ടിൽ യുവാവ് കൊല്ലപ്പെട്ടതിന് പിന്നിൽ മദ്യപാനത്തിനിടയിലുണ്ടായ വാക്കുതർക്കമെന്ന് പൊലീസ് വ്യക്തമാക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് വാടക വീട്ടിലെ താമസക്കാരനായ തമിഴ്‌നാട് തിരുനെൽവേലി സ്വദേശി മണികണ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

## Article Content

**കൊയിലാണ്ടി: [**[ ]അരങ്ങാടത്ത് മീത്തലെക്കണ്ടി പള്ളിക്ക് പിറകുവശത്തെ വാടക വീട്ടിൽ യുവാവ് കൊല്ലപ്പെട്ടതിന് പിന്നിൽ മദ്യപാനത്തിനിടയിലുണ്ടായ വാക്കുതർക്കമെന്ന് പൊലീസ് വ്യക്തമാക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് വാടക വീട്ടിലെ താമസക്കാരനായ തമിഴ്‌നാട് തിരുനെൽവേലി സ്വദേശി മണികണ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഉള്ള്യേരി കന്നൂരിൽ ആക്രിക്കച്ചവടം നടത്തുന്ന ഊമദുരൈ (42) ആണ് കൊല്ലപ്പെട്ടത്. ഇരുവരും സുഹൃത്തുക്കളായിരുന്നെന്നും ഇടയ്ക്കിടെ ഒരുമിച്ച് മദ്യപിക്കാറുണ്ടായിരുന്നെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

മണികണ്ഠനും കുടുംബവും ഏറെക്കാലമായി കൊയിലാണ്ടി കേന്ദ്രീകരിച്ചാണ് ആക്രികച്ചവടം നടത്തിവരുന്നത്. മീത്തലെക്കണ്ടി പള്ളിയിലെ വാടകവീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. രാത്രി മദ്യപിച്ച് ഇവിടെ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നുവെന്നും, കുറച്ചു മാസങ്ങൾക്ക് മുൻപ് മദ്യപിച്ചുണ്ടായ വാക്കേറ്റത്തിനിടയിൽ മണികണ്ഠൻ തന്റെ സഹോദരനെ കുത്തി പരിക്കേൽപ്പിച്ചിട്ടുണ്ടെന്നും നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.

അടുത്തിടെയായി മണികണ്ഠനൊപ്പം ഊമദുരൈയും ഇവിടെ മദ്യപിക്കാനായി എത്താറുണ്ടായിരുന്നു. കൊലപാതകം നടന്ന ദിവസവും ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടയിൽ വാക്കുതർക്കങ്ങൾ ഉടലെടുക്കുകയായിരുന്നു.

തർക്കം കയ്യാങ്കളിയിലേക്ക് കടന്നതോടെ ഊമദുരൈയെ വീട്ടിൽ നിന്നും തള്ളി താഴെയിട്ടു. മുറ്റത്ത് വീണ ഇയാളെ അവിടെ കിടത്തി മറ്റുള്ളവർ വീടിനകത്തേക്ക് പോവുകയായിരുന്നു. രാവിലെ മണികണ്ഠന്റെ അച്ഛൻ മുറ്റത്ത് നോക്കുമ്പോൾ ഊമദുരൈ അവിടെ തന്നെയുണ്ടായിരുന്നു.

രാത്രി മഴ പെയ്തതുകൊണ്ട് വെള്ളവും മണ്ണുമൊക്കെ ദേഹത്ത് തെറിച്ച നിലയിലായിരുന്നു ഇയാൾ ഉണ്ടായിരുന്നത്. തുടർന്ന് വിളിച്ചിട്ട് എഴുന്നേൽക്കാതായതോടെ മണികണ്ഠന്റെ അച്ഛൻ നേരിട്ട് കൊയിലാണ്ടി സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഡോക്ടറെ വരുത്തി പരിശോധന നടത്തിയ ശേഷമാണ് മരണം സ്ഥിരീകരിച്ചത്. തുടർന്ന് വീട്ടുകാരെ ചോദ്യം ചെയ്യുകയും മണികണ്ഠനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. തിരുനെൽവേലിയിലുള്ള മണികണ്ഠന്റെ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും ഇവർ കൊയിലാണ്ടിയിൽ എത്തിയ ശേഷം മൃതദേഹം തിരുനെൽവേലിയിലേക്ക് കൊണ്ടുപോകുമെന്നും പൊലീസ് അറിയിച്ചു.

കൊയിലാണ്ടി സി.ഐ വിജേഷിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ രഞ്ജിത്ത്, ഗിരീഷ്, എ.എസ്.ഐ സോജൻ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/378530/koyilandy-rental-house-murder-case-update-new)