---
title: "കൊയിലാണ്ടിയിൽ മെഡിക്കൽ ഷോപ്പുകൾ കേന്ദ്രീകരിച്ച് ചാരിറ്റി ബോക്സ് മോഷണം വ്യാപകം"
english_title: "Koyilandy Stadium Medical Shops Charity Box Theft CCTV Footage"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/376979/koyilandy-stadium-charity-box-theft-medical-shops"
published_at: "2026-08-06T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a742a1c5137b_koyilandy-stadium-medical-shops-charity-box-theft.jpg"
keywords: ["Koyilandy", "Charity Box Theft", "Stadium Complex", "Medical Shop"]
---

# കൊയിലാണ്ടിയിൽ മെഡിക്കൽ ഷോപ്പുകൾ കേന്ദ്രീകരിച്ച് ചാരിറ്റി ബോക്സ് മോഷണം വ്യാപകം

> **Lead Summary:** **കൊയിലാണ്ടി:[ ** സ്റ്റേഡിയം കോംപ്ലക്സിലെ മെഡിക്കൽ ഷോപ്പുകൾ കേന്ദ്രീകരിച്ച് ചാരിറ്റി ബോക്സുകൾ മോഷ്ടിക്കുന്ന സംഭവങ്ങൾ വ്യാപകമാകുന്നു. നിർധനരായ രോഗികളുടെ ചികിത്സാ സഹായത്തിനായി സ്ഥാപനങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന സംഭാവനപെട്ടികളാണ് തുടർച്ചയായി കവർച്ച ചെയ്യപ്പെടുന്നത്.

## Article Content

**കൊയിലാണ്ടി:[ ** സ്റ്റേഡിയം കോംപ്ലക്സിലെ മെഡിക്കൽ ഷോപ്പുകൾ കേന്ദ്രീകരിച്ച് ചാരിറ്റി ബോക്സുകൾ മോഷ്ടിക്കുന്ന സംഭവങ്ങൾ വ്യാപകമാകുന്നു. നിർധനരായ രോഗികളുടെ ചികിത്സാ സഹായത്തിനായി സ്ഥാപനങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന സംഭാവനപെട്ടികളാണ് തുടർച്ചയായി കവർച്ച ചെയ്യപ്പെടുന്നത്.

വെറും രണ്ട് ദിവസത്തെ വ്യത്യാസത്തിൽ കൊയിലാണ്ടി സ്റ്റേഡിയം പരിസരത്തെ രണ്ട് പ്രമുഖ മെഡിക്കൽ ഷോപ്പുകളിലാണ് മോഷണം നടന്നത്. ജൂലൈ 31-ന് 'ന്യൂ സ്റ്റേഡിയം മെഡിക്കൽസി'ൽ നിന്നും സി.എച്ച് സെന്ററിന്റെ സംഭാവനപെട്ടിയാണ് നഷ്ടപ്പെട്ടത്.

കടയിലെത്തിയ ഒരാൾ ചുറ്റുപാടുകൾ നിരീക്ഷിച്ച് ചാരിറ്റി ബോക്സുമായി കടന്നുകളയുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഇതിന് തൊട്ടുമുമ്പ് ജൂലൈ 28-ന് സ്റ്റേഡിയം കോംപ്ലക്സിലെ തന്നെ 'സിറ്റി മെഡിക്കൽസി'ൽ നിന്നും സമാനമായ രീതിയിൽ പെട്ടി നഷ്ടപ്പെട്ടിരുന്നു.

രണ്ട് സംഭവങ്ങളും വൈകുന്നേരം ഏഴിനും എട്ടിനും ഇടയിലുള്ള സമയത്താണ് നടന്നിട്ടുള്ളത്. ചാരിറ്റി ബോക്സുകൾ ആയതുകൊണ്ട് തന്നെ ജീവനക്കാരും ഇത് പെട്ടെന്ന് ശ്രദ്ധിക്കാറില്ല.

പലപ്പോഴും രണ്ടോ മൂന്നോ ദിവസങ്ങൾക്ക് ശേഷമാണ് മോഷണ വിവരം പുറത്തറിയുന്നത്. അതിനാൽ കൂടുതൽ കടകളിൽ നിന്നും സമാന രീതിയിൽ പണം നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന സംശയവും നിലനിൽക്കുന്നുണ്ട്.

തുടർച്ചയായുള്ള ഈ കവർച്ച പ്രദേശത്തെ വ്യാപാരികളെയും പൊതുജനങ്ങളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. രണ്ട് സംഭവങ്ങൾക്ക് പിന്നിലും ഒരാൾ തന്നെയാണോ അതോ വലിയൊരു സംഘം പ്രവർത്തിക്കുന്നുണ്ടോ എന്ന അന്വേഷണത്തിലാണ് വ്യാപാരികൾ.

പാവപ്പെട്ട രോഗികളുടെ ചികിത്സയ്ക്കായി ജനങ്ങൾ നൽകുന്ന കാരുണ്യവിലയാണ് സാമൂഹ്യവിരുദ്ധർ ഇത്തരത്തിൽ തട്ടിയെടുക്കുന്നത്. സംഭവത്തിൽ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/376979/koyilandy-stadium-charity-box-theft-medical-shops)