---
title: "കൊയിലാണ്ടി സ്റ്റേഡിയത്തിൽ കാടുവെട്ടിത്തെളിച്ച് തുടങ്ങി; കക്കൂസ് മാലിന്യ പ്രശ്നത്തിന് ഇനിയും പരിഹാരമില്ല"
english_title: "Koyilandy Sports Council Stadium Cleaning Started Septic Tank Issue"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/374401/koyilandy-sports-council-stadium-cleaning-septic-tank-issue"
published_at: "2026-07-24T16:50:00+05:30"
category: "News"
language: "ml"
image: "https://koyilandy.truevisionnews.com/image-uploads/6a634b192cee2_koyilandy-sports-council-stadium-cleaning-septic-tank-issue.jpg"
keywords: ["Latest News", "Koyilandy", "Stadium", "Sports", "Kerala"]
---

# കൊയിലാണ്ടി സ്റ്റേഡിയത്തിൽ കാടുവെട്ടിത്തെളിച്ച് തുടങ്ങി; കക്കൂസ് മാലിന്യ പ്രശ്നത്തിന് ഇനിയും പരിഹാരമില്ല

> **Lead Summary:** **കൊയിലാണ്ടി: [**വർഷങ്ങളായി കാടുപിടിച്ച് കിടക്കുന്ന കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ ഒടുവിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. സ്റ്റേഡിയത്തിന്റെ വിവിധ ഭാഗങ്ങളിൽ പടർന്നുപിടിച്ച കാട് ഹിറ്റാച്ചി ഉപയോഗിച്ച് നീക്കം ചെയ്തുതുടങ്ങി.

## Article Content

**കൊയിലാണ്ടി: [**വർഷങ്ങളായി കാടുപിടിച്ച് കിടക്കുന്ന കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ ഒടുവിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. സ്റ്റേഡിയത്തിന്റെ വിവിധ ഭാഗങ്ങളിൽ പടർന്നുപിടിച്ച കാട് ഹിറ്റാച്ചി ഉപയോഗിച്ച് നീക്കം ചെയ്തുതുടങ്ങി.

ഹിറ്റാച്ചി ഉപയോഗിച്ച് നീക്കുന്ന പുല്ലും കാടും ലോറിയിൽ കയറ്റി മാറ്റുന്ന പ്രവൃത്തികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. അറ്റകുറ്റപ്പണികളുടെ അഭാവം മൂലം സ്റ്റേഡിയത്തിന്റെ വലിയൊരു ഭാഗം കാടുകയറിയ അവസ്ഥയിലായിരുന്നു. ഇത് കാരണം ഇഴജന്തുക്കളുടെ ശല്യത്തെ ഭയന്നാണ് കുട്ടികൾ ഇവിടെ പരിശീലനം നടത്തിവന്നിരുന്നത്.

അടുത്തിടെ ഇവിടെ സുബ്രതോ കപ്പ് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചതും കാടുപിടിച്ചുകിടക്കുന്ന ഭാഗത്തായിരുന്നു. ഡ്രെയ്നേജിൽ അടക്കം ചെളിക്ക് മുകളിൽ പുല്ല് വളർന്നിരുന്നു. നിലവിൽ കാട് വെട്ടിത്തെളിക്കുന്നതോടെ വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസമാകും.

ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും, ബോയ്സ് സ്കൂളിന്റെ ഭാഗത്ത് വടക്ക് പടിഞ്ഞാറേ മൂലയിലുള്ള സെപ്റ്റിക് ടാങ്ക് തകരാർ കാരണം കക്കൂസ് മാലിന്യം കെട്ടിക്കിടക്കുന്ന പ്രശ്നത്തിന് ഇതുവരെ പരിഹാരമായിട്ടില്ല. ഈ ഭാഗത്ത് കളിക്കുന്ന കുട്ടികളുടെ പന്ത് മാലിന്യവെള്ളത്തിലേക്ക് വീഴുന്നതും, കുട്ടികൾക്ക് കൈകൊണ്ട് തന്നെ അത് എടുക്കേണ്ടിവരുന്നതും പതിവുകാഴ്ചയാണ്.

ഈ മലിനജലവും ചളിയും താണ്ടിയാണ് പലർക്കും ടോയ്ലറ്റിലേക്ക് പോകേണ്ടിവരുന്നത്. ദുർഗന്ധം കാരണം ഇതുവഴി മൂക്കുപൊത്താതെ നടക്കാൻ കഴിയാത്ത അവസ്ഥയാണ് മാസങ്ങളായി നിലനിൽക്കുന്നത്. ഈ ഗുരുതര പ്രശ്നത്തിന്മേൽ സ്പോർട്സ് കൗൺസിലിന്റെ ഭാഗത്തുനിന്ന് ഇനിയും നടപടികൾ ഉണ്ടാകാത്തത് പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/374401/koyilandy-sports-council-stadium-cleaning-septic-tank-issue)