---
title: "ചികിത്സാ പിഴവ് ആരോപണം: നടപടിയാവശ്യപ്പെട്ട് കൊയിലാണ്ടിയിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധം"
english_title: "DYFI Protest Koyilandy Taluk Hospital Treatment Lapse Health Department"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/372711/dyfi-protest-koyilandy-taluk-hospital-treatment-lapse"
published_at: "2026-07-16T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a58862852787_dyfi-protest-koyilandy-taluk-hospital-treatment-lapse.jpg"
keywords: ["Latest News", "DYFI", "Koyilandy", "Hospital Protest"]
---

# ചികിത്സാ പിഴവ് ആരോപണം: നടപടിയാവശ്യപ്പെട്ട് കൊയിലാണ്ടിയിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധം

> **Lead Summary:** **കൊയിലാണ്ടി:[ **താലൂക്ക് ആശുപത്രിയിലെ ചികിത്സാ പിഴവെന്ന പരാതിയിൽ ആരോഗ്യവകുപ്പിനെതിരെ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ. ആശുപത്രിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് പൊലീസ് ആശുപത്രി കവാടത്തിന് മുന്നിൽ തടഞ്ഞു.

## Article Content

**കൊയിലാണ്ടി:[ **താലൂക്ക് ആശുപത്രിയിലെ ചികിത്സാ പിഴവെന്ന പരാതിയിൽ ആരോഗ്യവകുപ്പിനെതിരെ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ. ആശുപത്രിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് പൊലീസ് ആശുപത്രി കവാടത്തിന് മുന്നിൽ തടഞ്ഞു.

തുടർന്ന് നടന്ന പ്രതിഷേധ പൊതുയോഗം ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡണ്ട് എൽ.ജി. ലിജീഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യമേഖലയിൽ വർധിച്ചുവരുന്ന വീഴ്ചകൾക്കെതിരെ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ചികിത്സാ പിഴവിനെക്കുറിച്ച് ഗൗരവമായ പരാതികൾ ഉയർന്നിട്ടും ബന്ധപ്പെട്ട അധികൃതർ നടപടിയെടുക്കാത്തത് പ്രതിഷേധാർഹമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ രോഗികളെ അനാവശ്യമായി മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യുന്ന പ്രവണത ശക്തമാണെന്നും ഇത് രോഗികളുടെ ജീവൻ വെച്ചുള്ള കളിയാണെന്നും ലിജീഷ് പറഞ്ഞു.

ബ്ലോക്ക് പ്രസിഡന്റ് ടി.കെ. പ്രദീപ് അധ്യക്ഷത വഹിച്ച പരിപാടിയിൽ സി. ബിജോയ് സ്വാഗതം പറഞ്ഞു. എൻ. ബിജീഷ്, ബി.പി. ബബീഷ്, കീർത്തന കെ.എസ്, റിബിൻ കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു. ജിജു കെ.പി, ഫർഹാൻ, അർജുൻ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

ആരോഗ്യ മന്ത്രി നേരിട്ട് ഇടപെട്ട് വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമാണ് ഡി.വൈ.എഫ്.ഐയുടെ ആവശ്യം. നടപടികൾ ഉണ്ടാകുന്നില്ലെങ്കിൽ ജില്ലാ മെഡിക്കൽ ഓഫീസിന് മുന്നിലേക്ക് സമരം വ്യാപിപ്പിക്കുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/372711/dyfi-protest-koyilandy-taluk-hospital-treatment-lapse)