---
title: "മൂടാടിയിലെ ജലജീവൻ പദ്ധതി അന്തിമഘട്ടത്തിൽ: 7200 വീടുകളിൽ കണക്ഷൻ പൂർത്തിയായി"
english_title: "Moodadi Grama Panchayat Jal Jeevan Mission Nears Completion, 7200 Water Connections Given"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/371879/moodadi-jal-jeevan-mission-7200-water-connections-completed"
published_at: "2026-07-11T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a52238ee99f1_yhgfdhgf.jpg"
keywords: ["Latest News", "Moodadi Grama Panchayat", "Jal Jeevan Mission", "Water Connection"]
---

# മൂടാടിയിലെ ജലജീവൻ പദ്ധതി അന്തിമഘട്ടത്തിൽ: 7200 വീടുകളിൽ കണക്ഷൻ പൂർത്തിയായി

> **Lead Summary:** **മൂടാടി:[ **മൂടാടി ഗ്രാമപഞ്ചായത്തിലെ മുഴുവൻ വീടുകളിലും ശുദ്ധജലം എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ജലജീവൻ പദ്ധതി അന്തിമഘട്ടത്തിലേക്ക് കടക്കുന്നു. പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി ഗ്രാമപഞ്ചായത്ത് ആസ്ഥാനത്ത് അവലോകന യോഗം ചേർന്നു.

## Article Content

**മൂടാടി:[ **മൂടാടി ഗ്രാമപഞ്ചായത്തിലെ മുഴുവൻ വീടുകളിലും ശുദ്ധജലം എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ജലജീവൻ പദ്ധതി അന്തിമഘട്ടത്തിലേക്ക് കടക്കുന്നു. പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി ഗ്രാമപഞ്ചായത്ത് ആസ്ഥാനത്ത് അവലോകന യോഗം ചേർന്നു.

പദ്ധതിയുടെ ഭാഗമായി ഇതിനകം 7,200 കുടിവെള്ള കണക്ഷനുകൾ നൽകിക്കഴിഞ്ഞതായി അധികൃതർ അറിയിച്ചു. വലിയമലയിലെ മെയിൻ ടാങ്കിന്റെയും ബൂസ്റ്റർ ടാങ്കിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്.

പദ്ധതിയുടെ പ്രധാന കടമ്പകളായിരുന്ന റെയിൽവേ ക്രോസിംഗുകളും ദേശീയപാത ക്രോസിംഗുകളും സുഗമമായി പൂർത്തിയാക്കാൻ സാധിച്ചു. പൈപ്പിടാനായി വെട്ടിപ്പൊളിച്ച റോഡുകൾ പുനസ്ഥാപിക്കുന്ന പ്രവൃത്തികൾ നടന്നു വരികയാണെന്നും, ബാക്കിയുള്ളവ ഈ മാസം തന്നെ പൂർത്തിയാക്കുമെന്നും കരാർ കമ്പനി അധികൃതർ ഉറപ്പുനൽകി.

ഇതുവരെ കണക്ഷൻ ലഭിക്കാത്ത വീടുകൾ ഉണ്ടെങ്കിൽ, അത്തരം ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ജൂലൈ 20-നകം സമർപ്പിക്കാൻ വാർഡ് അംഗങ്ങൾക്ക് യോഗത്തിൽ നിർദ്ദേശം നൽകി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. അഖില അധ്യക്ഷത വഹിച്ച യോഗത്തിൽ വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ജിതേഷ്, മറ്റ് ഉദ്യോഗസ്ഥർ, കരാർ കമ്പനി പ്രതിനിധികൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. പദ്ധതി പൂർണ്ണതോതിലാവുന്നതോടെ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാകുമെന്നാണ് വിലയിരുത്തൽ.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/371879/moodadi-jal-jeevan-mission-7200-water-connections-completed)