---
title: "ജനപ്രതിനിധികളുടെ ഇടപെടൽ പാഴായി; കൊയിലാണ്ടിയിൽ ദേശീയപാതയോരം ഇപ്പോഴും ചെളിക്കുളം"
english_title: "The roadside along the National Highway in Koyilandy remains a mud pit."
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/371663/the-roadside-along-the-national-highway-in-koyilandy-remains-a-mud-pit"
published_at: "2026-07-10T14:58:00+05:30"
category: "Koyilandi Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a50bb94d341b_s.jpg"
keywords: ["Latest News", "Koyilandy", "National Highway"]
---

# ജനപ്രതിനിധികളുടെ ഇടപെടൽ പാഴായി; കൊയിലാണ്ടിയിൽ ദേശീയപാതയോരം ഇപ്പോഴും ചെളിക്കുളം

> **Lead Summary:** **കൊയിലാണ്ടി: [** നന്തി മുതൽ ചെങ്ങോട്ടുകാവ് വരെയുള്ള ദേശീയപാതയോരത്തെ രൂക്ഷമായ വെള്ളക്കെട്ടും ചെളിപ്രശ്നവും പരിഹരിക്കാനുള്ള അധികൃതരുടെ ശ്രമങ്ങൾ വിഫലം. എം.എൽ.എയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് തീരുമാനങ്ങൾ എടുത്തിട്ട് ഒരു മാസം പിന്നിട്ടിട്ടും, റോഡരികുകൾ ഇപ്പോഴും കാൽനടയാത്ര പോലും അസാധ്യമാംവിധം ചെളിക്കുളമായി തുടരുകയാണ്.

## Article Content

**കൊയിലാണ്ടി: [** നന്തി മുതൽ ചെങ്ങോട്ടുകാവ് വരെയുള്ള ദേശീയപാതയോരത്തെ രൂക്ഷമായ വെള്ളക്കെട്ടും ചെളിപ്രശ്നവും പരിഹരിക്കാനുള്ള അധികൃതരുടെ ശ്രമങ്ങൾ വിഫലം. എം.എൽ.എയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് തീരുമാനങ്ങൾ എടുത്തിട്ട് ഒരു മാസം പിന്നിട്ടിട്ടും, റോഡരികുകൾ ഇപ്പോഴും കാൽനടയാത്ര പോലും അസാധ്യമാംവിധം ചെളിക്കുളമായി തുടരുകയാണ്.

റീ-ടാറിംഗിനുശേഷം റോഡിന്റെ വശങ്ങളിൽ നിക്ഷേപിച്ച ചുവന്ന പൊടിമണ്ണ് മഴയിൽ കുതിർന്ന് ചെളിയായി മാറിയതാണ് യാത്രക്കാർക്ക് ദുരിതമായത്. അരങ്ങാടത്ത് മീത്തലെ പള്ളി മുതൽ കൊയിലാണ്ടി ടൗൺ വരെയുള്ള ഭാഗങ്ങളിൽ ചെളിയിൽ കാലുകൾ പുതഞ്ഞുപോകുന്ന അവസ്ഥയാണുള്ളത്.

ഇതുമൂലം വഴിയാത്രക്കാരും സ്‌കൂൾ വിദ്യാർത്ഥികളും നിരന്തരം തെന്നിവീഴുന്നതും, ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും നിത്യസംഭവമായി മാറി. സമീപത്തെ കടകളിലേക്കുള്ള പ്രവേശനം ദുഷ്കരമായതോടെ വ്യാപാരികളുടെ കച്ചവടവും കാര്യമായി ബാധിക്കപ്പെട്ടിട്ടുണ്ട്.

പ്രശ്നം രൂക്ഷമായതോടെ ജൂൺ 10-ന് അഡ്വ. പ്രവീൺ കുമാർ എം.എൽ.എ സ്ഥലം സന്ദർശിക്കുകയും ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുകയും ചെയ്തിരുന്നു. ചെളി നീക്കം ചെയ്ത് പകരം ക്വാറി വെസ്റ്റ് (കരിങ്കൽ പൊടി) നിക്ഷേപിക്കാനും, തുടർന്ന് ഓട നിർമ്മിക്കാൻ എസ്റ്റിമേറ്റ് തയ്യാറാക്കാനും ആയിരുന്നു അന്നത്തെ തീരുമാനം. എന്നാൽ, ചില ഭാഗങ്ങളിൽ മാത്രം തട്ടിക്കൂട്ട് രീതിയിൽ ക്വാറി മാലിന്യം നിക്ഷേപിച്ചതൊഴിച്ചാൽ, ഭൂരിഭാഗം സ്ഥലങ്ങളിലും പഴയ അവസ്ഥ തന്നെ തുടരുകയാണ്.

ചെളിയിൽനിന്ന് രക്ഷപ്പെടാൻ വിദ്യാർത്ഥികളടക്കമുള്ളവർ തിരക്കേറിയ റോഡിലേക്ക് ഇറങ്ങി നടക്കേണ്ടിവരുന്നത് വലിയ അപകട ഭീഷണിയാണ് ഉയർത്തുന്നത്. അതിനാൽ, ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്ന് അടിയന്തരവും ശാശ്വതവുമായ ഇടപെടൽ വേണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/371663/the-roadside-along-the-national-highway-in-koyilandy-remains-a-mud-pit)