---
title: "കൊല്ലം കുന്ന്യോറമലയിൽ മണ്ണിടിച്ചിൽ ഭീഷണി തുടരുന്നു; ആശങ്കയിൽ പ്രദേശവാസികൾ"
english_title: "Threat of landslide at Kunnyoramala, Kollam."
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/371424/threat-of-landslide-at-kunnyoramala-kollam"
published_at: "2026-07-09T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f71c5c6117_22.jpg"
keywords: ["Latest News", "Koyilandy", "Kunniora Hill"]
---

# കൊല്ലം കുന്ന്യോറമലയിൽ മണ്ണിടിച്ചിൽ ഭീഷണി തുടരുന്നു; ആശങ്കയിൽ പ്രദേശവാസികൾ

> **Lead Summary:** **കൊയിലാണ്ടി: [ദേ**ശീയപാത വികസനത്തിന്റെ ഭാഗമായി മണ്ണെടുത്തതോടെ അപകട ഭീഷണിയിലായ കൊല്ലം കുന്ന്യോറമല നിവാസികൾ വീണ്ടും ആശങ്കയിൽ. മലയുടെ പല ഭാഗങ്ങളിലും മണ്ണിടിച്ചിൽ സാധ്യത വർധിച്ചതോടെ പ്രദേശവാസികളുടെ സുരക്ഷ ചോദ്യം ചെയ്യപ്പെടുകയാണ്.

## Article Content

**കൊയിലാണ്ടി: [ദേ**ശീയപാത വികസനത്തിന്റെ ഭാഗമായി മണ്ണെടുത്തതോടെ അപകട ഭീഷണിയിലായ കൊല്ലം കുന്ന്യോറമല നിവാസികൾ വീണ്ടും ആശങ്കയിൽ. മലയുടെ പല ഭാഗങ്ങളിലും മണ്ണിടിച്ചിൽ സാധ്യത വർധിച്ചതോടെ പ്രദേശവാസികളുടെ സുരക്ഷ ചോദ്യം ചെയ്യപ്പെടുകയാണ്.

ദേശീയപാത ആറുവരിപ്പാതയാക്കുന്നതിന്റെ ഭാഗമായി കുന്ന്യോറമലയിൽ 30 മീറ്ററോളം ഉയരത്തിൽ കുന്നിടിച്ചാണ് റോഡ് നിർമ്മിച്ചത്. ഇതിന്റെ ഇരുവശങ്ങളിലും ചെരിവില്ലാതെ കുത്തനെയുള്ള ഭിത്തികൾ രൂപപ്പെട്ടതാണ് മണ്ണിടിച്ചിലിന് കാരണമായത്. സോയിൽ നെയിലിങ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയെങ്കിലും പ്രദേശം ഇപ്പോഴും സുരക്ഷിതമല്ല.

മലയുടെ ഇടതുഭാഗത്ത് താമസിക്കുന്ന സരോജിനിയുടെ വീട് കടുത്ത അപകടാവസ്ഥയിലാണ്. വീടിന് പിന്നിൽ കൂട്ടിയിട്ട മണ്ണ് ഏത് നിമിഷവും പതിക്കാവുന്ന അവസ്ഥയിലാണ്. കൂടാതെ, സമീപത്തെ പാറപൊട്ടിക്കൽ മൂലം വീടിന്റെ ഭിത്തികളിൽ വിള്ളലുകൾ രൂപപ്പെട്ടതോടെ സരോജിനിയും കുടുംബവും കഴിഞ്ഞ രണ്ട് ദിവസമായി വീടുവിട്ടുനിൽക്കുകയാണ്.

വലതുഭാഗത്ത് മണ്ണിടിച്ചിൽ ഭീഷണിയുള്ള ഒമ്പത് വീടുകൾ ഏറ്റെടുക്കാൻ ധാരണയായെങ്കിലും, ബാക്കിയുള്ള രണ്ട് വീടുകൾ കൂടി അപകടത്തിലാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. നാല് വർഷമായി തുടരുന്ന ഈ ഭീഷണി കാരണം പലരും വീടുകൾ ഉപേക്ഷിച്ച് വാടക വീടുകളിലേക്ക് മാറാൻ നിർബന്ധിതരായിരിക്കുകയാണ്.

വാടക തുക പോലും കൃത്യമായി ലഭിക്കുന്നില്ലെന്ന പരാതിയും ഇവർക്കുണ്ട്. എം.പി, എം.എൽ.എ, നഗരസഭാ അധികൃതർ എന്നിവർ സ്ഥലം സന്ദർശിച്ച് പ്രശ്നപരിഹാരത്തിന് ഉറപ്പ് നൽകിയിരുന്നെങ്കിലും, നടപടികൾ ഇഴയുന്നതിൽ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്. പ്രദേശവാസികളുടെ ആശങ്കകൾ പരിഹരിച്ച് ജീവിതം സുരക്ഷിതമാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/371424/threat-of-landslide-at-kunnyoramala-kollam)