---
title: "കടലാക്രമണം രൂക്ഷം; കാപ്പാട്-കൊയിലാണ്ടി ഹാർബർ റോഡ് വീണ്ടും കടലെടുത്തു, യാത്രാദുരിതം തുടരുന്നു"
english_title: "The sea has once again claimed the Kappad-Koyilandy Harbour Road"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/371411/the-sea-has-once-again-claimed-the-kappad-koyilandy-harbour-road"
published_at: "2026-07-09T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f6a53c50e1_19.jpg"
keywords: ["Latest News", "Koyilandy", "Kappad-Koyilandy Harbour Road"]
---

# കടലാക്രമണം രൂക്ഷം; കാപ്പാട്-കൊയിലാണ്ടി ഹാർബർ റോഡ് വീണ്ടും കടലെടുത്തു, യാത്രാദുരിതം തുടരുന്നു

> **Lead Summary:** **കാപ്പാട്: [**ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കാപ്പാട് മേഖലയിൽ കടലാക്രമണം രൂക്ഷമാകുന്നു. കാപ്പാട്-തൂവപ്പാറ-കൊയിലാണ്ടി ഹാർബർ റോഡിന്റെ വലിയൊരു ഭാഗം കടൽ കവർന്നതോടെ ഗതാഗതം ദുസ്സഹമായി. കഴിഞ്ഞ വർഷവും സമാനമായ അവസ്ഥ നേരിട്ട ഈ പാതയിൽ, ഇപ്പോൾ ബാക്കിയുള്ള ഭാഗം കൂടി കടലെടുക്കുന്ന സ്ഥിതിവിശേഷമാണുള്ളത്.

## Article Content

**കാപ്പാട്: [**ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കാപ്പാട് മേഖലയിൽ കടലാക്രമണം രൂക്ഷമാകുന്നു. കാപ്പാട്-തൂവപ്പാറ-കൊയിലാണ്ടി ഹാർബർ റോഡിന്റെ വലിയൊരു ഭാഗം കടൽ കവർന്നതോടെ ഗതാഗതം ദുസ്സഹമായി. കഴിഞ്ഞ വർഷവും സമാനമായ അവസ്ഥ നേരിട്ട ഈ പാതയിൽ, ഇപ്പോൾ ബാക്കിയുള്ള ഭാഗം കൂടി കടലെടുക്കുന്ന സ്ഥിതിവിശേഷമാണുള്ളത്.

എഴുകുടിക്കൽ ക്ഷേത്രം മുതൽ തൂവപ്പാറ വരെയുള്ള ഭാഗങ്ങളിൽ റോഡ് തകർന്ന് വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. ഇതുവഴി ഇരുചക്രവാഹനങ്ങൾ കടന്നുപോകുന്നത് അതീവ അപകടകരമായാണ്.

റോഡിന്റെ വീതി കുറഞ്ഞതോടെ വാഹനങ്ങൾക്ക് പരസ്പരം സൈഡ് കൊടുക്കാൻ പോലും സാധിക്കാത്ത അവസ്ഥയുണ്ട്. നിത്യേന ഈ പാതയിലൂടെ കടന്നുപോകുന്ന മത്സ്യത്തൊഴിലാളികളുടെ വാഹനങ്ങൾ നിരന്തരം തകരാറിലാകുന്നതും പതിവാണ്.

പ്രദേശത്തെ കോൺക്രീറ്റ് ഭിത്തികൾ പൂർണ്ണമായും തകർന്നു. കടൽക്ഷോഭം തടയാൻ നേരത്തെ സ്ഥാപിച്ച കരിങ്കല്ലുകളും കടലിലേക്ക് പതിച്ച നിലയിലാണ്. വർഷാവർഷം താൽക്കാലികമായി അറ്റകുറ്റപ്പണികൾ നടത്തി റോഡ് ഗതാഗതയോഗ്യമാക്കുന്നതല്ലാതെ, ശാശ്വതമായ പരിഹാരത്തിന് അധികൃതർ തയാറാകുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

ദേശീയപാതയിൽ ഗതാഗത തടസ്സമുണ്ടാകുമ്പോൾ ബദൽ മാർഗ്ഗമായി ഉപയോഗിച്ചിരുന്ന പ്രധാന പാതയാണിത്. അതിനാൽ, അടിയന്തരമായി ശാസ്ത്രീയമായ രീതിയിൽ റോഡ് പുനർനിർമ്മിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/371411/the-sea-has-once-again-claimed-the-kappad-koyilandy-harbour-road)