---
title: "കൊയിലാണ്ടിയിൽ ശക്തമായ ഇടിമിന്നൽ; പന്തലായനിയിൽ വീട് ഭാഗികമായി തകർന്നു, വയറിങ് കത്തിനശിച്ചു"
english_title: "Strong thunderstorm in Koyilandy"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/366529/strong-thunderstorm-in-koyilandy"
published_at: "2026-06-17T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3249d3bfff5_KOYI2.jpg"
keywords: ["Latest News", "Koyilandy", "Strong Thunderstorm"]
---

# കൊയിലാണ്ടിയിൽ ശക്തമായ ഇടിമിന്നൽ; പന്തലായനിയിൽ വീട് ഭാഗികമായി തകർന്നു, വയറിങ് കത്തിനശിച്ചു

> **Lead Summary:** കൊയിലാണ്ടി: പന്തലായനി കാട്ടുവയലിൽ ഇന്ന് രാവിലെയുണ്ടായ ശക്തമായ ഇടിമിന്നലിൽ വീട് ഭാഗികമായി തകർന്നു. നാഗപ്രഭയിൽ നാഗരാജിന്റെ വീടിന്റെ വരാന്തയോട് ചേർന്ന ഭാഗമാണ് മിന്നലേറ്റ് തകർന്നത്.

## Article Content

കൊയിലാണ്ടി: പന്തലായനി കാട്ടുവയലിൽ ഇന്ന് രാവിലെയുണ്ടായ ശക്തമായ ഇടിമിന്നലിൽ വീട് ഭാഗികമായി തകർന്നു. നാഗപ്രഭയിൽ നാഗരാജിന്റെ വീടിന്റെ വരാന്തയോട് ചേർന്ന ഭാഗമാണ് മിന്നലേറ്റ് തകർന്നത്.

വരാന്തയിലെ മതിലും തറയിലെ ടൈലുകളും ഉൾപ്പെടെ പൊട്ടിത്തെറിച്ച നിലയിലാണ്. അപകടസമയത്ത് നാഗരാജും കുടുംബവും വീട്ടിലുണ്ടായിരുന്നു. അടുക്കളയിൽ ചായ തയ്യാറാക്കുന്നതിനിടെ വലിയ ശബ്ദം കേട്ട് പുറത്തെത്തിയപ്പോഴാണ് നാശനഷ്ടങ്ങൾ കണ്ടതെന്ന് നാഗരാജിന്റെ ഭാര്യ ഷിജിന പറഞ്ഞു.

വരാന്തയിൽ കുട്ടി ഉണ്ടായിരുന്നെങ്കിലും അത്ഭുതകരമായി കുട്ടിക്ക് പരിക്കുകളൊന്നും സംഭവിച്ചില്ല. മിന്നലിൽ വീടിന്റെ ഇലക്ട്രിക്കൽ വയറിങ് പൂർണമായും കത്തിനശിക്കുകയും വീട്ടിലുണ്ടായിരുന്ന എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും നശിക്കുകയും ചെയ്തു.

ഓട്ടോറിക്ഷാ ഡ്രൈവറായ നാഗരാജിനും കുടുംബത്തിനും ഈ അപകടം വലിയ ഭീതിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/366529/strong-thunderstorm-in-koyilandy)