---
title: "പയ്യോളിയിലും തുറയൂരിലും ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധന; മൂന്ന് സ്ഥാപനങ്ങൾ അടച്ചുപൂട്ടി"
english_title: "Health Department inspection in Payyoli"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/366160/health-department-inspection-in-payyoli"
published_at: "2026-06-15T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2fdb639470e_koyi5.jpg"
keywords: ["Latest News", "Payyoli", "Health Department Inspection"]
---

# പയ്യോളിയിലും തുറയൂരിലും ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധന; മൂന്ന് സ്ഥാപനങ്ങൾ അടച്ചുപൂട്ടി

> **Lead Summary:** **പയ്യോളി: [**പയ്യോളി നഗരസഭയുടെയും തുറയൂർ പഞ്ചായത്തിന്റെയും വിവിധ ഭാഗങ്ങളിൽ ആരോഗ്യവകുപ്പ് നടത്തിയ വ്യാപക പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച മൂന്ന് സ്ഥാപനങ്ങൾ അടച്ചുപൂട്ടി.

## Article Content

**പയ്യോളി: [**പയ്യോളി നഗരസഭയുടെയും തുറയൂർ പഞ്ചായത്തിന്റെയും വിവിധ ഭാഗങ്ങളിൽ ആരോഗ്യവകുപ്പ് നടത്തിയ വ്യാപക പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച മൂന്ന് സ്ഥാപനങ്ങൾ അടച്ചുപൂട്ടി.

കീഴൂർ, നെല്ലേരി മാണിക്കോത്ത്, അട്ടക്കുണ്ട് പാലം ജംഗ്ഷൻ, പാലച്ചുവട് തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു പരിശോധന. കാലാവധി കഴിഞ്ഞ പാലുൽപ്പന്നങ്ങൾ വിൽപ്പനയ്ക്ക് വെച്ചതിനും, ശുചിത്വമില്ലാത്ത സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്തതിനുമാണ് ഈ സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തത്.

ഇതിനുപുറമെ, കൃത്യമായ കുടിവെള്ള പരിശോധന നടത്താത്തവയ്ക്കും ഹെൽത്ത് കാർഡ് ഇല്ലാത്ത ജീവനക്കാരെ നിയോഗിച്ച സ്ഥാപനങ്ങൾക്കും ആരോഗ്യവകുപ്പ് നോട്ടീസ് നൽകി. പുകയില നിയന്ത്രണ നിയമം ലംഘിച്ച രണ്ട് സ്ഥാപനങ്ങളിൽ നിന്ന് പിഴയും ഈടാക്കി.

ഹോട്ടലുകൾ, ബേക്കറികൾ, കൂൾബാറുകൾ, ചിക്കൻ സ്റ്റാളുകൾ തുടങ്ങിയ വിവിധ വ്യാപാര സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. മേലടി സി.എച്ച്.സി ഹെൽത്ത് സൂപ്പർവൈസർ എം.കെ. വിനോദന്റെ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ കെ. ജയരാജ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.കെ. ദിനേശൻ, കെ.ടി. നസ്രിൻ, ടി.കെ. സുബീഷ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

പകർച്ചവ്യാധികൾ തടയുന്നതിന്റെ ഭാഗമായി തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കണമെന്നും, പൊതുജനങ്ങൾ വ്യക്തിശുചിത്വം കർശനമായി പാലിക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി. 

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/366160/health-department-inspection-in-payyoli)