---
title: "ചെളിക്കുളമായി കൊയിലാണ്ടി സ്റ്റേഡിയം; അടിസ്ഥാന സൗകര്യങ്ങളില്ല, സ്പോർട്സ് കൗൺസിലിനെതിരെ പ്രതിഷേധം"
english_title: "Koyilandy Stadium"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/366091/koyilandy-stadium"
published_at: "2026-06-15T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2fa3814193a_KOYI3.jpg"
keywords: ["Latest News", "Koyilandy", "Stadium"]
---

# ചെളിക്കുളമായി കൊയിലാണ്ടി സ്റ്റേഡിയം; അടിസ്ഥാന സൗകര്യങ്ങളില്ല, സ്പോർട്സ് കൗൺസിലിനെതിരെ പ്രതിഷേധം

> **Lead Summary:** **കൊയിലാണ്ടി: [**കാലവർഷം എത്തിയതോടെ കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയം ചെളിക്കുളമായി മാറി. ഡ്രെയിനേജിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിഞ്ഞുകൂടിയതും, പരിപാടികൾക്കായി കുഴിച്ച കുഴികൾ നികത്താത്തതുമാണ് മൈതാനത്ത് വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണം.

## Article Content

**കൊയിലാണ്ടി: [**കാലവർഷം എത്തിയതോടെ കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയം ചെളിക്കുളമായി മാറി. ഡ്രെയിനേജിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിഞ്ഞുകൂടിയതും, പരിപാടികൾക്കായി കുഴിച്ച കുഴികൾ നികത്താത്തതുമാണ് മൈതാനത്ത് വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണം.

നൂറുകണക്കിന് കായികതാരങ്ങൾ പരിശീലനത്തിനായി എത്തുന്ന ഈ സ്റ്റേഡിയത്തിൽ അടിസ്ഥാന സൗകര്യങ്ങളായ ഡ്രസ്സിങ് റൂം, ടോയ്‌ലറ്റ്, കുടിവെള്ളം എന്നിവ പോലും ലഭ്യമല്ല. മൈതാനത്തിന്റെ പരിപാലനത്തിൽ സ്പോർട്സ് കൗൺസിൽ കാണിക്കുന്ന അനാസ്ഥയാണ് ഈ ശോച്യാവസ്ഥയ്ക്ക് കാരണമെന്ന് കായികപ്രേമികൾ ആരോപിക്കുന്നു.

1998-ൽ റവന്യൂ വകുപ്പ് 25 വർഷത്തേക്ക് സ്പോർട്സ് കൗൺസിലിന് ലീസിന് നൽകിയതാണ് ഈ 3.89 ഏക്കർ ഭൂമി. ഇതിന്റെ കാലാവധി 2023 ഡിസംബറിൽ അവസാനിച്ചെങ്കിലും കരാർ പുതുക്കാതെ കൗൺസിൽ സ്റ്റേഡിയം കൈവശം വെച്ചിരിക്കുകയാണ്.

ജിവിഎച്ച്എസ്എസ് സ്കൂളിലെ മൂവായിരത്തോളം വിദ്യാർത്ഥികളുടെ കളിസ്ഥലം കൂടിയായ ഈ മൈതാനം വികസനമൊന്നും ഇല്ലാതെ കിടക്കുന്ന സാഹചര്യത്തിൽ, ഇത് നഗരസഭയ്ക്ക് വിട്ടുനൽകണമെന്ന ആവശ്യം ശക്തമാണ്.

ഇക്കാര്യത്തിൽ നഗരസഭയും സ്കൂൾ അധികൃതരും പലതവണ ആവശ്യപ്പെട്ടെങ്കിലും സ്പോർട്സ് കൗൺസിൽ തയ്യാറായിട്ടില്ല. ഹൈക്കോടതി നിർദേശപ്രകാരം വിഷയം 2024 ഫെബ്രുവരിയിൽ സർക്കാർ പരിഗണനയ്ക്ക് വിട്ടിരുന്നെങ്കിലും മന്ത്രിതല ചർച്ചകൾ നടന്നിട്ടും പരിഹാരമുണ്ടായില്ല.

ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് എപ്പോഴും മൈതാനം ഉപയോഗിക്കാൻ അവകാശമുണ്ടെന്ന വ്യവസ്ഥ ലംഘിച്ച് കുട്ടികളെ മൈതാനത്ത് നിന്ന് തടഞ്ഞ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. നിലവിലെ ഭരണസമിതിയും എംഎൽഎയുമെല്ലാം സ്റ്റേഡിയം നഗരസഭയ്ക്ക് വിട്ടുനൽകി കായിക വളർച്ച ഉറപ്പാക്കണമെന്ന നിലപാടിലാണ്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/366091/koyilandy-stadium)