---
title: "ഗ്യാസ് വിലക്കയറ്റം തിരിച്ചടിയായി; ചേമഞ്ചേരിയിലെ 'വിശ്രാന്തി' വാതകശ്മശാനം അടച്ചുപൂട്ടി"
english_title: "'Vishranthi' gas crematorium in Chemancherry closed"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/365721/vishranthi-gas-crematorium-in-chemancherry-closed"
published_at: "2026-06-13T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2d005776002_KOYI5.jpg"
keywords: ["Latest News", "Koyilandy", "Vishranthi' Gas Crematorium", "Shut Down"]
---

# ഗ്യാസ് വിലക്കയറ്റം തിരിച്ചടിയായി; ചേമഞ്ചേരിയിലെ 'വിശ്രാന്തി' വാതകശ്മശാനം അടച്ചുപൂട്ടി

> **Lead Summary:** **കൊയിലാണ്ടി: [** ചേമഞ്ചേരി പഞ്ചായത്തിൽ കാപ്പാട് കടലോരത്ത് സ്ഥിതി ചെയ്യുന്ന 'വിശ്രാന്തി' വാതകശ്മശാനം പ്രവർത്തനം നിർത്തി. ഗ്യാസിന്റെ അമിതമായ വിലക്കയറ്റവും പഞ്ചായത്ത് അധികൃതരുടെ അവഗണനയും കാരണം ശ്മശാനം തുടർന്നു നടത്താൻ കഴിയില്ലെന്ന് കാണിച്ച് നടത്തിപ്പുകാരായ സഹകരണ സംഘം പഞ്ചായത്തിന് രേഖാമൂലം കത്ത് നൽകി.

## Article Content

**കൊയിലാണ്ടി: [** ചേമഞ്ചേരി പഞ്ചായത്തിൽ കാപ്പാട് കടലോരത്ത് സ്ഥിതി ചെയ്യുന്ന 'വിശ്രാന്തി' വാതകശ്മശാനം പ്രവർത്തനം നിർത്തി. ഗ്യാസിന്റെ അമിതമായ വിലക്കയറ്റവും പഞ്ചായത്ത് അധികൃതരുടെ അവഗണനയും കാരണം ശ്മശാനം തുടർന്നു നടത്താൻ കഴിയില്ലെന്ന് കാണിച്ച് നടത്തിപ്പുകാരായ സഹകരണ സംഘം പഞ്ചായത്തിന് രേഖാമൂലം കത്ത് നൽകി.

ഇതോടെ, മുരാട് മുതൽ കോരപ്പുഴ വരെയുള്ള തീരദേശവാസികളുടെയും പാവപ്പെട്ടവരുടെയും ഏക ആശ്രയമായിരുന്ന ശ്മശാനത്തിന്റെ ഭാവി അനിശ്ചിതത്വത്തിലായി. കേന്ദ്ര സർക്കാർ വാണിജ്യ ആവശ്യങ്ങൾക്കുള്ള ഗ്യാസിന് അമിതമായി വില വർദ്ധിപ്പിച്ചതാണ് ശ്മശാനത്തിന്റെ പ്രവർത്തനത്തെ പ്രതിസന്ധിയിലാക്കിയത്.

ഒരു സംസ്കാരത്തിന് ചുരുങ്ങിയത് ഒരു സിലിണ്ടർ ഗ്യാസ് എങ്കിലും ആവശ്യമാണ്. ജീവനക്കാരുടെ വേതനം, വൈദ്യുതി ചാർജ്, മറ്റ് അറ്റകുറ്റപ്പണികൾ എന്നിവ കൂടി ചേരുമ്പോൾ ഒരു മൃതദേഹം സംസ്കരിക്കാൻ ശരാശരി ആറായിരം രൂപയിലധികം ചെലവ് വരുന്നുണ്ട്.

സാമൂഹ്യ സേവനമെന്ന നിലയിൽ ഇതുവരെ ഈ ഭാരം സൊസൈറ്റി സഹിച്ചുവരികയായിരുന്നുവെങ്കിലും, നിലവിലെ സാമ്പത്തിക സാഹചര്യം പ്രവർത്തനത്തെ അസാധ്യമാക്കുകയായിരുന്നു.

പഞ്ചായത്തിന്റെ തനതുഫണ്ട്, എം.എൽ.എ ഫണ്ട്, ജില്ലാ പഞ്ചായത്ത് ഫണ്ട് എന്നിവ ഉപയോഗിച്ച് 1.10 കോടി രൂപ ചെലവഴിച്ചാണ് കാപ്പാടിനും പൊയിൽക്കാവിനും ഇടയിൽ ഈ ഹൈടെക്ക് ശ്മശാനം നിർമിച്ചത്.

2020 ഓഗസ്റ്റ് 26-ന് ഉദ്ഘാടനം ചെയ്ത ശ്മശാനം, വിവിധ സമയങ്ങളിൽ നടത്തിപ്പുകാർ മാറിയതിനെത്തുടർന്ന് പലതവണ അടച്ചിടേണ്ടി വന്നിരുന്നു. കഴിഞ്ഞ വർഷം മുതലാണ് ആദ്യം നടത്തിയ സൊസൈറ്റി വീണ്ടും ഇതിന്റെ ചുമതലയേറ്റെടുത്തത്.

പഞ്ചായത്തുകാർക്ക് 4000 രൂപയും പുറത്തുള്ളവർക്ക് 4500 രൂപയുമായിരുന്നു ഇതുവരെ സംസ്കാരത്തിന് ഈടാക്കിയിരുന്നത്. സ്വന്തമായി സൗകര്യമില്ലാത്തവർക്കും പാവപ്പെട്ടവർക്കും വലിയൊരു ആശ്വാസമായിരുന്ന 'വിശ്രാന്തി' എന്നെന്നേക്കുമായി അടച്ചുപൂട്ടുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.

വിഷയത്തിൽ പഞ്ചായത്ത് ഭരണസമിതി അടിയന്തരമായി ഇടപെട്ട് ശ്മശാനം വീണ്ടും തുറക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/365721/vishranthi-gas-crematorium-in-chemancherry-closed)