---
title: "പയ്യോളിയിലും ആശങ്ക പടർത്തി ഷിഗെല്ല; മൂന്ന് വയസ്സുകാരന് രോഗം സ്ഥിരീകരിച്ചു"
english_title: "Shigella confirmed in Payyoli too"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/365588/shigella-confirmed-in-payyoli-too"
published_at: "2026-06-12T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a253682720e9_Shigella.jpg"
keywords: ["Latest News", "Payyoli", "Shigella Virus"]
---

# പയ്യോളിയിലും ആശങ്ക പടർത്തി ഷിഗെല്ല; മൂന്ന് വയസ്സുകാരന് രോഗം സ്ഥിരീകരിച്ചു

> **Lead Summary:** **പയ്യോളി: [ **കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പകർച്ചവ്യാധി ഭീതി നിലനിൽക്കുന്നതിനിടെ പയ്യോളിയിലും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. പയ്യോളി സ്വദേശിയായ മൂന്ന് വയസ്സുകാരനായ കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

## Article Content

**പയ്യോളി: [ **കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പകർച്ചവ്യാധി ഭീതി നിലനിൽക്കുന്നതിനിടെ പയ്യോളിയിലും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. പയ്യോളി സ്വദേശിയായ മൂന്ന് വയസ്സുകാരനായ കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. പയ്യോളിയിൽ രോഗം റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ പ്രദേശത്ത് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ നടപടികളും ബോധവൽക്കരണവും ഊർജ്ജിതമാക്കിയിരിക്കുകയാണ്.

സംസ്ഥാനത്ത് ഈ വർഷം ഷിഗെല്ല ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നതിനിടയിലാണ് പയ്യോളിയിലെ ഈ സംഭവം. ഇന്ന് മാത്രം വയനാട് കോളയാട് സ്കൂളിലെ ഏഴ് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ അവിടെ മാത്രം ബാധിതർ 16 ആയി ഉയർന്നു.

ഈ വർഷം ഇതുവരെ സംസ്ഥാനത്താകെ 110-ലധികം പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 54 പേർക്ക് മാത്രമായിരുന്നു രോഗബാധ. മുൻവർഷങ്ങളെ അപേക്ഷിച്ച് (2022-ൽ 83, 2023-ൽ 90, 2024-ൽ 121, 2025-ൽ 132) ഇത്തവണ വളരെ പെട്ടെന്നാണ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നത്.

കൂടുതൽ ജില്ലകളിലേക്ക് രോഗം പടരുന്നതിനാൽ നിലവിലേത് അസാധാരണ സാഹചര്യമാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. പയ്യോളിയിലും പരിസരപ്രദേശങ്ങളിലുമുള്ള പൊതുജനങ്ങൾ വ്യക്തിശുചിത്വവും ദന്ത-ഭക്ഷണ ശുചിത്വവും പാലിക്കണമെന്നും തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കണമെന്നും ആരോഗ്യ അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/365588/shigella-confirmed-in-payyoli-too)