---
title: "നിപ, ഷിഗല്ല ഭീതി: കൊയിലാണ്ടിയിൽ ഹോട്ടലുകളിലും കൂൾബാറുകളിലും പരിശോധന ശക്തമാക്കി 'മിഷൻ കേരള' സ്ക്വാഡ്"
english_title: "Inspection at hotels in Koyilandy"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/365571/inspection-at-hotels-in-koyilandy"
published_at: "2026-06-12T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2bda495ef24_koyi12.jpg"
keywords: ["Latest News", "Koyilandy", "Inspection"]
---

# നിപ, ഷിഗല്ല ഭീതി: കൊയിലാണ്ടിയിൽ ഹോട്ടലുകളിലും കൂൾബാറുകളിലും പരിശോധന ശക്തമാക്കി 'മിഷൻ കേരള' സ്ക്വാഡ്

> **Lead Summary:** **കൊയിലാണ്ടി: [ **കോഴിക്കോട് ജില്ലയിൽ നിപ, ഷിഗല്ല തുടങ്ങിയ പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ, കൊയിലാണ്ടി സർക്കിളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക പരിശോധനകൾ ഊർജ്ജിതമായി തുടരുന്നു.

## Article Content

**കൊയിലാണ്ടി: [ **കോഴിക്കോട് ജില്ലയിൽ നിപ, ഷിഗല്ല തുടങ്ങിയ പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ, കൊയിലാണ്ടി സർക്കിളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക പരിശോധനകൾ ഊർജ്ജിതമായി തുടരുന്നു.

ആരോഗ്യ വകുപ്പ് മന്ത്രി, ഭക്ഷ്യസുരക്ഷാ കമ്മീഷണർ, കോഴിക്കോട് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ എന്നിവരുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് 'മിഷൻ കേരള' സ്ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന പുരോഗമിക്കുന്നത്.

കഴിഞ്ഞ മെയ് 28-ന് ആരംഭിച്ച ഈ പ്രത്യേക ഡ്രൈവിന്റെ ഭാഗമായി കൊയിലാണ്ടിയിലെ വിവിധ പ്രദേശങ്ങളിലായി അമ്പതിലധികം സ്ഥാപനങ്ങളിൽ ഇതിനകം പരിശോധന പൂർത്തിയാക്കി കഴിഞ്ഞു.

സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ പ്രവർത്തിച്ച സ്ഥാപനങ്ങൾക്ക് പിഴ ചുമത്താനുള്ള നോട്ടീസ് നൽകിയ അധികൃതർ, വിവിധയിടങ്ങളിൽ നിന്നായി പതിനെട്ടോളം ഭക്ഷ്യസാമ്പിളുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.

ഹോട്ടലുകൾ, കൂൾബാറുകൾ, റെസ്റ്റോറന്റുകൾ, ജ്യൂസ് സ്റ്റാളുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ കൃത്യമായ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും അതുവഴി രോഗവ്യാപനം തടയാനുമാണ് സ്ക്വാഡ് പ്രധാനമായും ലക്ഷ്യമിടുന്നത്.

ഇതിന്റെ ഭാഗമായി സ്കൂളുകൾ ഉൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളിൽ നിന്നും സർവൈലൻസ് സാമ്പിളുകൾ ശേഖരിച്ച് റീജിയണൽ അനലിറ്റിക്കൽ ലാബിലേക്ക് വിശദമായ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

പ്രത്യേകിച്ച്, നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാതെ അശാസ്ത്രീയമായി ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശനമായ ക്ലോസിങ് നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ഭക്ഷ്യസുരക്ഷാ കൊയിലാണ്ടി സർക്കിൾ ഓഫീസർ ഡോ. ശ്വേത വേലായുധൻ, പേരാമ്പ്ര സർക്കിൾ ഓഫീസർ ഡോ. വിജി വിൽസൺ, അരവിന്ദ് എന്നിവരുടെ നേതൃത്വത്തിലാണ് നിലവിൽ പരിശോധനകൾ നടന്നു വരുന്നത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/365571/inspection-at-hotels-in-koyilandy)