---
title: "അരങ്ങാടത്ത് മുതൽ കൊയിലാണ്ടി ടൗൺ വരെ ചളിക്കുളമായി ദേശീയപാത; കെ. പ്രവീൺകുമാർ എംഎൽഎ സ്ഥലം സന്ദർശിച്ചു"
english_title: "The national highway from Arangadat to Koyilandy town is a muddy road"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/365454/the-national-highway-from-arangadat-to-koyilandy-town-is-a-muddy-road"
published_at: "2026-06-12T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2b98cb92c39_KOYI3.jpg"
keywords: ["Latest News", "Koyilandy", "National Highway"]
---

# അരങ്ങാടത്ത് മുതൽ കൊയിലാണ്ടി ടൗൺ വരെ ചളിക്കുളമായി ദേശീയപാത; കെ. പ്രവീൺകുമാർ എംഎൽഎ സ്ഥലം സന്ദർശിച്ചു

> **Lead Summary:** **കൊയിലാണ്ടി: [** ദേശീയപാതയിൽ അരങ്ങാടത്ത് മീത്തലെ പള്ളി മുതൽ കൊയിലാണ്ടി ടൗൺ വരെയുള്ള റോഡരികുകളിൽ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ട് ചളിക്കുളമായതോടെ കെ. പ്രവീൺകുമാർ എംഎൽഎ ഉദ്യോഗസ്ഥ സംഘത്തോടൊപ്പം സ്ഥലം സന്ദർശിച്ചു.

## Article Content

**കൊയിലാണ്ടി: [** ദേശീയപാതയിൽ അരങ്ങാടത്ത് മീത്തലെ പള്ളി മുതൽ കൊയിലാണ്ടി ടൗൺ വരെയുള്ള റോഡരികുകളിൽ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ട് ചളിക്കുളമായതോടെ കെ. പ്രവീൺകുമാർ എംഎൽഎ ഉദ്യോഗസ്ഥ സംഘത്തോടൊപ്പം സ്ഥലം സന്ദർശിച്ചു.

വർഷങ്ങളായി മഴക്കാലത്ത് വ്യാപാരികളും കാൽനടയാത്രക്കാരും അനുഭവിക്കുന്ന ദുരിതത്തിന് ശാശ്വത പരിഹാരം കാണണമെന്ന ജനകീയ ആവശ്യത്തെ തുടർന്നായിരുന്നു എംഎൽഎയുടെ സന്ദർശനം.

റോഡരികിലെ വെള്ളക്കെട്ടും ചളിയും കാരണം പ്രദേശത്തെ കച്ചവടക്കാരും സമീപവാസികളും വലിയ തോതിലാണ് പ്രയാസപ്പെടുന്നത്. പല കടകളിലേക്കും വരാൻ ആളുകൾക്ക് ഈ ചളിക്കുളം ചാടിക്കടക്കേണ്ട അവസ്ഥയായതിനാൽ കച്ചവടം പൂർണ്ണമായും നിലച്ച മട്ടാണ്.

ഇവിടെയുള്ള വെള്ളക്കെട്ട് പൂർണ്ണമായി ഒഴിവാക്കണമെങ്കിൽ റോഡരികിൽ കൃത്യമായ ഡ്രെയിനേജ് സംവിധാനം ഉറപ്പാക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി താൽക്കാലിക ആശ്വാസമെന്ന നിലയിൽ റോഡരികിൽ ക്വാറി വേസ്റ്റ് നിക്ഷേപിച്ച് യാത്രാസൗകര്യം ഒരുക്കാൻ എംഎൽഎ നിർദ്ദേശം നൽകി.

തുടർന്ന് മഴ മാറുന്ന മുറയ്ക്ക് ഓവുചാൽ നിർമ്മാണം ആരംഭിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളം നിറഞ്ഞ് കൊതുക് വളർത്തൽ കേന്ദ്രമായി മാറിയ ബപ്പൻകാട് അടിപ്പാതയുടെ ശോചനീയാവസ്ഥയും എംഎൽഎ നേരിട്ട് കണ്ട് വിലയിരുത്തുകയും ഇതിനും ഉടൻ തന്നെ പരിഹാരം കാണുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.

സന്ദർശന വേളയിൽ നഗരസഭ ചെയർമാൻ യു.കെ. ചന്ദ്രൻ, പൊതുമരാമത്ത് റോഡ്സ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഐ.കെ മിഥുൻ, വടകര ആർടിഒ കെ. അജീഷ്, സൈറ്റ് എഞ്ചിനീയർ പി.എം. വൈശാഖ് എന്നിവരും എംഎൽഎയ്ക്ക് ഒപ്പമുണ്ടായിരുന്നു.

ഇവർക്ക് പുറമെ നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ എം. ദൃശ്യ, കെ.എം. നജീബ്, കൗൺസിലർമാരായ നുസൈബ, ശ്രീജ റാണി, നിഷ, സി.കെ. ജയദേവൻ, മുൻ കൗൺസിലർ വി.പി. ഇബ്രാഹിംകുട്ടി, എ. അസീസ്, കൂടാതെ വിവിധ വ്യാപാരി സംഘടന ഭാരവാഹികളും ജനപ്രതിനിധികളും സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/365454/the-national-highway-from-arangadat-to-koyilandy-town-is-a-muddy-road)