---
title: "റെയിൽവേ ഗേറ്റുകൾ ഇടിച്ചു തകർത്താൽ ജാമ്യമില്ലാ കേസും ലൈസൻസ് റദ്ദാക്കലും; കൊയിലാണ്ടിയിൽ ബോധവൽക്കരണവുമായി ആർ.പി.എഫ്"
english_title: "RPF raises awareness in Koyilandy"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/365138/rpf-raises-awareness-in-koyilandy"
published_at: "2026-06-10T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a293c938d100_koyi11.jpg"
keywords: ["Latest News", "Koyilandy", "RPF"]
---

# റെയിൽവേ ഗേറ്റുകൾ ഇടിച്ചു തകർത്താൽ ജാമ്യമില്ലാ കേസും ലൈസൻസ് റദ്ദാക്കലും; കൊയിലാണ്ടിയിൽ ബോധവൽക്കരണവുമായി ആർ.പി.എഫ്

> **Lead Summary:** **കൊയിലാണ്ടി: [ **ലെവൽക്രോസുകളിൽ വർദ്ധിച്ചു വരുന്ന അപകടങ്ങൾ കണക്കിലെടുത്ത് റെയിൽവേ ആർ.പി.എഫ്‌ന്റെ നേതൃത്വത്തിൽ കൊയിലാണ്ടി ആനക്കുളങ്ങര റെയിൽവേ ലെവൽക്രോസിൽ വെച്ച് വാഹനയാത്രക്കാർക്കായി പ്രത്യേക ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

## Article Content

**കൊയിലാണ്ടി: [ **ലെവൽക്രോസുകളിൽ വർദ്ധിച്ചു വരുന്ന അപകടങ്ങൾ കണക്കിലെടുത്ത് റെയിൽവേ ആർ.പി.എഫ്‌ന്റെ നേതൃത്വത്തിൽ കൊയിലാണ്ടി ആനക്കുളങ്ങര റെയിൽവേ ലെവൽക്രോസിൽ വെച്ച് വാഹനയാത്രക്കാർക്കായി പ്രത്യേക ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

ട്രെയിൻ വരുന്നതിനായി ഗേറ്റ് അടയ്ക്കുന്ന സമയങ്ങളിൽ വാഹനങ്ങൾ നിർത്താതെ അശ്രദ്ധമായി മുന്നോട്ട് എടുക്കുന്നത് വ്യാപകമാവുകയും ഇത് വലിയ അപകടങ്ങൾക്ക് കാരണമാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അധികൃതർ നേരിട്ട് രംഗത്തിറങ്ങിയത്.

ഗേറ്റ് അടച്ചു കഴിഞ്ഞാൽ സുരക്ഷാ ഹമ്പിന് പിന്നിലായി മാത്രമേ വാഹനങ്ങൾ നിർത്താവൂ എന്ന നിയമം പലരും കാറ്റിൽപ്പറത്തുകയാണ്. ഇത്തരം അശ്രദ്ധ കാരണം നിയന്ത്രണം വിടുന്ന വാഹനങ്ങൾ റെയിൽവേ ഗേറ്റിലിടിച്ച് തകരുന്നത് പതിവായതോടെ കർശന നിയമനടപടികളിലേക്ക് നീങ്ങാനാണ് റെയിൽവേയുടെ തീരുമാനം.

റെയിൽവേ ഗേറ്റുകൾ ഇടിച്ചു തകർക്കുകയോ നിയമം ലംഘിക്കുകയോ ചെയ്യുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ഒപ്പം അപകടമുണ്ടാക്കുന്ന വാഹനങ്ങൾ കണ്ടുകെട്ടുകയും ഡ്രൈവർമാരുടെ ഡ്രൈവിംഗ് ലൈസൻസ് സ്ഥിരമായി റദ്ദാക്കുകയും ചെയ്യുന്ന തരത്തിലുള്ള ശക്തമായ നടപടികളായിരിക്കും ഇനിമുതൽ സ്വീകരിക്കുക.

റെയിൽവേ ഡിവിഷണൽ എഞ്ചിനീയർ പി. ജവഹർ, സീനിയർ സെക്ഷൻ എഞ്ചിനീയർ സി. സന്ദീപ്, ട്രാഫിക് ഇൻസ്‌പെക്ടർ അജിത്, ആർ.പി.എഫ് സബ് ഇൻസ്‌പെക്ടർമാരായ ധന്യ, ബിനീഷ്, കോഴിക്കോട് സിഗ്‌നൽ എഞ്ചിനീയർ വാജിദ് തുടങ്ങിയ പ്രമുഖ ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള നേതൃത്വത്തിലാണ് ലെവൽക്രോസിലെ ബോധവൽക്കരണ പരിപാടികൾ നടന്നത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/365138/rpf-raises-awareness-in-koyilandy)