---
title: "മലിനജലവും ദുർഗന്ധവും; കൊയിലാണ്ടിയിലെ പഴയ ഐസ് പ്ലാന്റ് കെട്ടിടം നഗരസഭ പൊളിച്ചുനീക്കി"
english_title: "The municipality demolished the old ice plant building in Koyilandy."
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/365100/the-municipality-demolished-the-old-ice-plant-building-in-koyilandy"
published_at: "2026-06-10T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a29226f74032_KOYI10.jpg"
keywords: ["Latest News", "Koyilandy", "Ice Plant Building"]
---

# മലിനജലവും ദുർഗന്ധവും; കൊയിലാണ്ടിയിലെ പഴയ ഐസ് പ്ലാന്റ് കെട്ടിടം നഗരസഭ പൊളിച്ചുനീക്കി

> **Lead Summary:** **കൊയിലാണ്ടി: [**കനത്ത ദുർഗന്ധം മൂലം പ്രദേശവാസികളുടെ ജീവിതം നരകതുല്യമാക്കിയ നഗരസഭ 38-ാം വാർഡിലെ പഴയ ഐസ് പ്ലാന്റ് കെട്ടിടത്തിനെതിരെ ഒടുവിൽ നഗരസഭയുടെ അടിയന്തിര നടപടി.

## Article Content

**കൊയിലാണ്ടി: [**കനത്ത ദുർഗന്ധം മൂലം പ്രദേശവാസികളുടെ ജീവിതം നരകതുല്യമാക്കിയ നഗരസഭ 38-ാം വാർഡിലെ പഴയ ഐസ് പ്ലാന്റ് കെട്ടിടത്തിനെതിരെ ഒടുവിൽ നഗരസഭയുടെ അടിയന്തിര നടപടി.

മീത്തലെകണ്ടി പള്ളിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പ്രവർത്തിച്ചിരുന്ന ഈ പഴയ ഐസ് പ്ലാന്റിൽ മലിനജലം കെട്ടിക്കിടന്ന് കടുത്ത ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിച്ചതോടെയാണ് നഗരസഭ അധികൃതർ നേരിട്ടെത്തി കെട്ടിടം പൊളിച്ചുനീക്കിയത്.

മഴക്കാലം ശക്തമായതോടെ വെള്ളക്കെട്ട് രൂപപ്പെടുകയും തെരുവ് നായകളും വലിയ ഉടുമ്പുകളും ഉൾപ്പെടെയുള്ള ജീവികൾ ഇതിൽ വീണു ചത്തു ചീഞ്ഞഴുകി കൊതുകുകൾ മുട്ടയിട്ട് പെരുകുന്ന അവസ്ഥയിലുമായിരുന്നു ഈ പ്രദേശം.

ദുർഗന്ധം കാരണം സമീപവാസികൾക്ക് വീട്ടിൽ സമാധാനമായി ഇരിക്കാനോ ഭക്ഷണം കഴിക്കാൻ പോലുമോ പറ്റാത്ത സ്ഥിതിയായിരുന്നു. കൂടാതെ കൊതുകുശല്യം മൂലം കുട്ടികൾക്കും മുതിർന്നവർക്കും സാരമായ ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടതോടെ കെട്ടിടം അടിയന്തിരമായി പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തിറങ്ങി.

ഇതേത്തുടർന്ന് നഗരസഭ ഹെൽത്ത് വിഭാഗം നേരത്തെ സ്ഥലുടമയ്ക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും, ഭൂമിയെച്ചൊല്ലി കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ ഉടമ നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല.

പ്രദേശവാസികളുടെ പരാതി ശക്തമായതോടെ നഗരസഭ ചെയർപേഴ്സൺ യു.കെ ചന്ദ്രൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.പി സുധീഷ് എന്നിവർ സ്ഥലം സന്ദർശിക്കുകയും ജനങ്ങളുടെ സുരക്ഷ മുൻനിർത്തി അടിയന്തിര നടപടിയെടുക്കാൻ നഗരസഭ സെക്രട്ടറിക്കും ആരോഗ്യ വിഭാഗത്തിനും കർശന നിർദ്ദേശം നൽകുകയുമായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ ജെ.സി.ബി ഉപയോഗിച്ച് പഴയ കെട്ടിടഭാഗങ്ങൾ പൂർണ്ണമായും പൊളിച്ചുനീക്കി വെള്ളക്കെട്ട് ഒഴിവാക്കാനുള്ള പ്രവൃത്തികൾ ആരംഭിച്ചു.

ശുചീകരണ പ്രവർത്തനങ്ങൾക്ക് നഗരസഭ സെക്രട്ടറി പ്രദീപ്, വാർഡ് കൗൺസിലർ ഉസൈബ, കൗൺസിലർ ജെസ്ലു, ഹെൽത്ത് ഇൻസ്പെക്ടർമാരായ സുനിൽ കുമാർ, ലിജോയ് എന്നിവർ നേരിട്ട് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/365100/the-municipality-demolished-the-old-ice-plant-building-in-koyilandy)