---
title: "ചെങ്ങോട്ടുകാവ്-കൊയിലാണ്ടി റോഡരികുകൾ ചളിക്കുളമായി; യാത്രക്കാരും വ്യാപാരികളും ദുരിതത്തിൽ"
english_title: "Chengotukavu-Koyilandy road in trouble"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/365083/chengotukavu-koyilandy-road-in-trouble"
published_at: "2026-06-10T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a290ef9e5395_KOYI7.jpg"
keywords: ["Latest News", "Koyilandy", "Chengottukavu"]
---

# ചെങ്ങോട്ടുകാവ്-കൊയിലാണ്ടി റോഡരികുകൾ ചളിക്കുളമായി; യാത്രക്കാരും വ്യാപാരികളും ദുരിതത്തിൽ

> **Lead Summary:** **കൊയിലാണ്ടി: [** കാലവർഷം കനത്തതോടെ ചെങ്ങോട്ടുകാവ് മേൽപ്പാലം മുതൽ കൊയിലാണ്ടി ടൗൺ വരെയുള്ള ദേശീയപാതയുടെ ഇരുവശങ്ങളും ചളിക്കുളമായി മാറി.

## Article Content

**കൊയിലാണ്ടി: [** കാലവർഷം കനത്തതോടെ ചെങ്ങോട്ടുകാവ് മേൽപ്പാലം മുതൽ കൊയിലാണ്ടി ടൗൺ വരെയുള്ള ദേശീയപാതയുടെ ഇരുവശങ്ങളും ചളിക്കുളമായി മാറി.

റോഡ് റീ ടാറിംഗ് നടത്തിയതിന് ശേഷം അരികുകളിൽ സുരക്ഷയ്ക്കായി ഇട്ടിരുന്ന ചുവന്ന മണ്ണാണ് ഇപ്പോൾ മഴവെള്ളത്തിൽ കുതിർന്ന് യാത്രക്കാർക്ക് വലിയ കെണിയായി മാറിയിരിക്കുന്നത്.

ഇതോടെ കാൽനടയാത്രക്കാരും ഇരുചക്ര വാഹന യാത്രികരും ഒരുപോലെ ദുരിതത്തിലായിരിക്കുകയാണ്. റോഡരികിലെ കടകളിലേക്ക് എത്തുന്ന ഉപഭോക്താക്കളും വ്യാപാരികളും കെട്ടിക്കിടക്കുന്ന ചളി ചാടിക്കടന്ന് വേണം അകത്തേക്ക് പ്രവേശിക്കാൻ എന്ന അവസ്ഥയാണിപ്പോൾ.

സ്‌കൂൾ തുറന്നതോടെ കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് ദിവസവും ഈ വഴിയിലൂടെ നടന്നുപോകുന്നത്. റോഡരികിലൂടെ സുരക്ഷിതമായി നടക്കാൻ പോലും ഇടമില്ലാത്തതിനാൽ പലരും ജീവൻ പണയം വെച്ചാണ് പ്രധാന റോഡിലൂടെ സഞ്ചരിക്കുന്നത്.

വശങ്ങളിലേക്ക് ഇറങ്ങുന്നവർ തെന്നിവീഴാനുള്ള സാധ്യതയും വളരെ കൂടുതലാണ്. കെണിയൊരുക്കുന്ന ഈ റോഡരികിലെ ചളി നീക്കം ചെയ്ത് കാൽനടയാത്ര സുഗമമാക്കാൻ ജനപ്രതിനിധികളും ബന്ധപ്പെട്ട അധികൃതരും അടിയന്തരമായി ഇടപെടണമെന്ന ആവശ്യം പ്രദേശത്ത് ശക്തമായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/365083/chengotukavu-koyilandy-road-in-trouble)