---
title: "ജനകീയ സമരത്തിന് ഒടുവിൽ വിജയം; പയ്യോളി നോർത്ത് അയനിക്കാട് ദേശീയപാതയിൽ അടിപ്പാതയ്ക്ക് അനുമതി"
english_title: "Underpass on Payyoli North Ayanikad National Highway"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/365061/underpass-on-payyoli-north-ayanikad-national-highway"
published_at: "2026-06-10T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2901a4ca29d_koyi4.jpg"
keywords: ["Latest News", "Payyoli", "North Ayanikad National Highway", "Underpass"]
---

# ജനകീയ സമരത്തിന് ഒടുവിൽ വിജയം; പയ്യോളി നോർത്ത് അയനിക്കാട് ദേശീയപാതയിൽ അടിപ്പാതയ്ക്ക് അനുമതി

> **Lead Summary:** **പയ്യോളി: [** നോർത്ത് അയനിക്കാട് പള്ളി-അയ്യപ്പ ക്ഷേത്രം ഭാഗത്ത് ദേശീയപാത 66ൽ അടിപ്പാത വേണമെന്ന പ്രദേശവാസികളുടെ ദീർഘകാലത്തെ ആവശ്യത്തിന് ഒടുവിൽ ദേശീയപാത അതോറിറ്റിയുടെ അംഗീകാരം.

## Article Content

**പയ്യോളി: [** നോർത്ത് അയനിക്കാട് പള്ളി-അയ്യപ്പ ക്ഷേത്രം ഭാഗത്ത് ദേശീയപാത 66ൽ അടിപ്പാത വേണമെന്ന പ്രദേശവാസികളുടെ ദീർഘകാലത്തെ ആവശ്യത്തിന് ഒടുവിൽ ദേശീയപാത അതോറിറ്റിയുടെ അംഗീകാരം.

പ്രദേശത്തെ യാത്രാദുരിതവും സുരക്ഷാപ്രശ്നങ്ങളും മുൻനിർത്തി ജനങ്ങൾ വർഷങ്ങളായി ഉന്നയിച്ചിരുന്ന ഈ ആവശ്യത്തിനാണ് ഇപ്പോൾ അനുമതി ലഭിച്ചിരിക്കുന്നത്.

2.5 മീറ്റർ ഉയരവും 5 മീറ്റർ വീതിയുമുള്ള അടിപ്പാത നിർമ്മിക്കുന്നതിനായി ആവശ്യമായ തുകയും അതോറിറ്റി അനുവദിച്ചു കഴിഞ്ഞു. വരാനിരിക്കുന്ന വർഷകാലത്തിന് ശേഷമായിരിക്കും അടിപ്പാതയുടെ നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുക.

അടിപ്പാതയ്ക്കായി പ്രദേശവാസികൾ രൂപീകരിച്ച ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ആറുമാസമായി ശക്തമായ ജനകീയ സമരങ്ങളാണ് ഇവിടെ നടന്നു വന്നിരുന്നത്.

സമരപ്രഖ്യാപന സമ്മേളനം, മനുഷ്യച്ചങ്ങല, പൊതുസമ്മേളനം, തീപ്പന്ത നൈറ്റ് മാർച്ച്, ഉപവാസ സമരം തുടങ്ങി വൈവിധ്യമാർന്ന പ്രതിഷേധ പരിപാടികളാണ് ജനങ്ങൾ സംഘടിപ്പിച്ചത്.

നാട്ടുകാരുടെ സുരക്ഷയ്ക്കായുള്ള ഈ പോരാട്ടത്തിന് വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക സംഘടനകളും പൊതുജനങ്ങളും പൂർണ്ണ പിന്തുണയാണ് നൽകിയത്.

പ്രദേശവാസികളുടെ ഈ വലിയ സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിൽ വടകര പാർലമെന്റ് അംഗം ഷാഫി പറമ്പിൽ എം.പി നടത്തിയ ഇടപെടലുകൾ എടുത്തുപറയേണ്ടതാണെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വ്യക്തമാക്കി.

കേന്ദ്ര റോഡ് ഗതാഗത ദേശീയപാത മന്ത്രി, എൻ.എച്ച്.എ.ഐ ഉന്നത ഉദ്യോഗസ്ഥർ എന്നിവരടക്കമുള്ള വിവിധ അധികാര കേന്ദ്രങ്ങളിൽ വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താനും തുടർനടപടികൾ വേഗത്തിലാക്കാനും എം.പി നിരന്തരം ശ്രമിച്ചിരുന്നു.

ആക്ഷൻ കമ്മിറ്റി ചെയർമാൻ അബ്ദുൽ ഹക്കീം കെ.പി, മുഖ്യ രക്ഷാധികാരി ശശി തരിപ്പയിൽ, കൺവീനർ മനോജ് തരിപ്പയിൽ, കോ-ഓർഡിനേറ്റർ ജയദേവൻ എം.പി എന്നിവരുടെ നേതൃത്വത്തിലാണ് സമര പരിപാടികൾ വിജയകരമായി ഏകോപിപ്പിച്ചതും വിവിധ തലങ്ങളിലുള്ള ഔദ്യോഗിക ചർച്ചകൾ മുന്നോട്ട് കൊണ്ടുപോയതും.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/365061/underpass-on-payyoli-north-ayanikad-national-highway)