---
title: "മഴ കനത്തു; കൊയിലാണ്ടി റെയിൽവേ സ്‌റ്റേഷനിൽ മേൽക്കൂരയില്ലാതെ ദുരിതത്തിലായി ജനറൽ യാത്രക്കാർ"
english_title: "Koyilandy railway station has no roof"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/365055/koyilandy-railway-station-has-no-roof"
published_at: "2026-06-10T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a28fd92cf061_KOYI1.jpg"
keywords: ["Latest News", "Koyilandy", "Railway Station"]
---

# മഴ കനത്തു; കൊയിലാണ്ടി റെയിൽവേ സ്‌റ്റേഷനിൽ മേൽക്കൂരയില്ലാതെ ദുരിതത്തിലായി ജനറൽ യാത്രക്കാർ

> **Lead Summary:** **കൊയിലാണ്ടി: [ **കാലവർഷം ശക്തമായതോടെ കൊയിലാണ്ടി റെയിൽവേ സ്‌റ്റേഷനെ ആശ്രയിക്കുന്ന ജനറൽ കംപാർട്ടുമെന്റ് യാത്രക്കാർ കനത്ത മഴയിൽ നനഞ്ഞു കുതിരേണ്ടി വരുന്നതായി പരാതി.

## Article Content

**കൊയിലാണ്ടി: [ **കാലവർഷം ശക്തമായതോടെ കൊയിലാണ്ടി റെയിൽവേ സ്‌റ്റേഷനെ ആശ്രയിക്കുന്ന ജനറൽ കംപാർട്ടുമെന്റ് യാത്രക്കാർ കനത്ത മഴയിൽ നനഞ്ഞു കുതിരേണ്ടി വരുന്നതായി പരാതി.

സ്റ്റേഷൻ പ്ലാറ്റ്‌ഫോമിന്റെ ഇരുവശങ്ങളിലെയും രണ്ടറ്റത്തും മേൽക്കൂരയില്ലാത്തതാണ് നിലവിലെ ദുരിതത്തിന് കാരണം. ട്രെയിനുകളുടെ വടക്കുഭാഗത്തുള്ള അൺ റിസർവ്ഡ് കംപാർട്ടുമെന്റുകളിലേക്ക് യാത്രക്കാർക്ക് കയറണമെങ്കിലും ഇറങ്ങണമെങ്കിലും നിലവിൽ കനത്ത മഴ നനഞ്ഞ് ഓടേണ്ട അവസ്ഥയാണുള്ളത്.

സ്ഥിരമായി വലിയ തിരക്ക് അനുഭവപ്പെടുന്ന മുന്നിലെയും പിന്നിലെയും ജനറൽ കംപാർട്ടുമെന്റുകളിലെ യാത്രക്കാരാണ് റെയിൽവേയുടെ ഈ അവഗണനയിൽ ഏറെ വലയുന്നത്.

പ്ലാറ്റ്‌ഫോമിൽ പൂർണ്ണമായും മേൽക്കൂര നിർമിക്കണമെന്ന യാത്രക്കാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും റെയിൽവേ അധികൃതർ ഇതിന് തയ്യാറായിട്ടില്ല.

റെയിൽവേ പ്ലാറ്റ്‌ഫോമിന്റെ നീളം കൂട്ടിയെങ്കിലും അതിനനുസരിച്ച് മേൽക്കൂര വ്യാപിപ്പിക്കാൻ അധികൃതർ നടപടിയെടുത്തില്ലെന്നാണ് നാട്ടുകാർ പറയുന്നത്. നിലവിൽ ദേശീയപാത വികസന പ്രവൃത്തികൾ നടക്കുന്നതിനാൽ റോഡ് മാർഗ്ഗമുള്ള കനത്ത ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഭൂരിഭാഗം പേരും ട്രെയിൻ യാത്രയാണ് തിരഞ്ഞെടുക്കുന്നത്.

റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ എണ്ണം ഇരട്ടിച്ചിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ മടിക്കുന്ന റെയിൽവേയുടെ നടപടിക്കെതിരെ യാത്രക്കാർക്കിടയിൽ പ്രതിഷേധം ശക്തമാണ്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/365055/koyilandy-railway-station-has-no-roof)