---
title: "'ഇത് റോഡോ അതോ കുളമോ?'; ഒരൊറ്റ മഴയിൽ മുങ്ങി കൊയിലാണ്ടി സ്റ്റേഡിയം പരിസരം, യാത്രക്കാർ ദുരിതത്തിൽ"
english_title: "Koyilandy Stadium area submerged in rain"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/364929/koyilandy-stadium-area-submerged-in-rain"
published_at: "2026-06-09T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a27e5b83805a_KOYI8.jpg"
keywords: ["Latest News", "Koyilandy", "Stadium Area"]
---

# 'ഇത് റോഡോ അതോ കുളമോ?'; ഒരൊറ്റ മഴയിൽ മുങ്ങി കൊയിലാണ്ടി സ്റ്റേഡിയം പരിസരം, യാത്രക്കാർ ദുരിതത്തിൽ

> **Lead Summary:** **കൊയിലാണ്ടി: [**കാലവർഷം കനത്തതോടെ കൊയിലാണ്ടി ടൗണിലെ പ്രധാന പാതകളിലൊന്ന് പൂർണ്ണമായും വെള്ളത്തിനടിയിലായി. കൊയിലാണ്ടി സ്റ്റേഡിയത്തിന് പിന്നിൽ ഫയർ സ്റ്റേഷൻ പരിസരം മുതൽ ബി.എസ്.എൻ.എൽ ഓഫീസ് വരെ നീളുന്ന റോഡാണ് ഒരൊറ്റ മഴയിൽ തന്നെ തോടായി മാറിയത്.

## Article Content

**കൊയിലാണ്ടി: [**കാലവർഷം കനത്തതോടെ കൊയിലാണ്ടി ടൗണിലെ പ്രധാന പാതകളിലൊന്ന് പൂർണ്ണമായും വെള്ളത്തിനടിയിലായി. കൊയിലാണ്ടി സ്റ്റേഡിയത്തിന് പിന്നിൽ ഫയർ സ്റ്റേഷൻ പരിസരം മുതൽ ബി.എസ്.എൻ.എൽ ഓഫീസ് വരെ നീളുന്ന റോഡാണ് ഒരൊറ്റ മഴയിൽ തന്നെ തോടായി മാറിയത്.

കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്നും റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്കും ജി.വി.എച്ച്.എസ്.എസ് സ്കൂൾ പരിസരത്തേക്കും ദിവസേന നൂറുകണക്കിന് ആളുകൾ ആശ്രയിക്കുന്ന പ്രധാന വഴിയാണിത്.

ഫയർ സ്റ്റേഷന്റെ പിൻവശം മുതൽ ബി.എസ്.എൻ.എൽ ഓഫീസ് വരെയുള്ള ഭാഗത്തും ബസ് സ്റ്റാൻഡിലേക്കുള്ള വഴിയിൽ ഏകദേശം 50 മീറ്ററോളവും ഇപ്പോൾ മുട്ടൊപ്പം വെള്ളം കെട്ടിക്കിടക്കുകയാണ്. അപകടഭീഷണിയുയർത്തി കെ.എസ്.ഇ.ബിയുടെ ട്രാൻസ്ഫോർമർ സ്ഥിതി ചെയ്യുന്നതും ഈ വെള്ളക്കെട്ടിന് നടുവിലാണ്.

നഗരത്തിൽ സ്ഥിരമായി വെള്ളക്കെട്ടുണ്ടാകുന്ന ഈ പ്രദേശത്ത് ഇത്തവണ ഡ്രെയിനേജ് അടഞ്ഞതാണ് സ്ഥിതി കൂടുതൽ വഷളാക്കിയത്. അടുത്തിടെ ഫയർ സ്റ്റേഷന് സമീപമുണ്ടായിരുന്ന അറബിപ്പുളി മരം മുറിച്ചുമാറ്റിയിരുന്നു.

ഇതിന്റെ അവശിഷ്ടങ്ങളും ഇലകളും കുന്നുകൂടി ഓടയിലേക്ക് വീണതോടെ വെള്ളത്തിന്റെ ഒഴുക്ക് പൂർണ്ണമായും തടസ്സപ്പെടുകയായിരുന്നു. കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടതോടെ റോഡേതാണ് ഓടയേതാണെന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണ്.

ഇതുവഴി പോകുന്ന ജി.വി.എച്ച്.എസ്.എസ് സ്കൂളിലെ വിദ്യാർത്ഥികളും മറ്റ് യാത്രക്കാരും ഓടയിൽ വീഴാൻ വലിയ സാധ്യതയുണ്ട്. നിരവധി ലാബുകളും ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് കേന്ദ്രങ്ങളും പ്രവർത്തിക്കുന്ന മേഖലയാണിത്.

അതുകൊണ്ടുതന്നെ പ്രായമായവരും രോഗികളുമടക്കം മുട്ടൊപ്പം വെള്ളത്തിൽ നീന്തിവേണം ഇപ്പോൾ ഇവിടെയുള്ള സ്ഥാപനങ്ങളിലേക്ക് എത്തിച്ചേരാൻ. ഓടയിലെ തടസ്സങ്ങൾ അടിയന്തരമായി നീക്കി വെള്ളം ഒഴുക്കി വിടാൻ അധികൃതർ തയ്യാറാകണമെന്നാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും ആവശ്യം.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/364929/koyilandy-stadium-area-submerged-in-rain)