---
title: "വെളിയണ്ണൂർ ചല്ലി നവീകരണം വേഗത്തിലാക്കണം; കേരള കർഷക സംഘം കൊയിലാണ്ടി ഏരിയാ സമ്മേളനത്തിന് തുടക്കമായി"
english_title: "Kerala Farmers' Association Koyilandy Area Conference"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/364873/kerala-farmers-association-koyilandy-area-conference"
published_at: "2026-06-09T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a27bb65db342_koyi4.jpg"
keywords: ["Latest News", "Koyilandy", "Kerala Farmers' Association"]
---

# വെളിയണ്ണൂർ ചല്ലി നവീകരണം വേഗത്തിലാക്കണം; കേരള കർഷക സംഘം കൊയിലാണ്ടി ഏരിയാ സമ്മേളനത്തിന് തുടക്കമായി

> **Lead Summary:** **കൊയിലാണ്ടി: [**ചരിത്രപ്രസിദ്ധമായ വെളിയണ്ണൂർ ചല്ലിയുടെ നവീകരണ പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കി കൃഷിയോഗ്യമാക്കണമെന്ന് കേരള കർഷക സംഘം കൊയിലാണ്ടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

**കൊയിലാണ്ടി: [**ചരിത്രപ്രസിദ്ധമായ വെളിയണ്ണൂർ ചല്ലിയുടെ നവീകരണ പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കി കൃഷിയോഗ്യമാക്കണമെന്ന് കേരള കർഷക സംഘം കൊയിലാണ്ടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.

കീഴരിയൂർ യു.കെ.ഡി അടിയോടി - സി. കുഞ്ഞമ്മദ് നഗറിൽ വെച്ച് പ്രൗഢഗംഭീരമായി നടന്ന സമ്മേളനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കർഷക സംഘം ജില്ലാ സെക്രട്ടറി ബാബു പറശ്ശേരി നിർവഹിച്ചു.

കർഷകർ നേരിടുന്ന വിവിധ പ്രതിസന്ധികളും പ്രാദേശിക കാർഷിക വികസനവും ചർച്ച ചെയ്ത സമ്മേളനത്തിൽ എം.എം രവീന്ദ്രൻ രക്തസാക്ഷി പ്രമേയവും, എ. സുധാകരൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. എൻ. സത്യൻ, സതി കിഴക്കയിൽ, വി. മുസ്തഫ, പി.കെ. വിജയകുമാർ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിച്ചത്.

ഏരിയ സെക്രട്ടറി പി.സി സതീഷ് ചന്ദ്രൻ പ്രവർത്തന റിപ്പോർട്ടും കേന്ദ്ര കമ്മിറ്റി അംഗം പി. വിശ്വൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ച ചടങ്ങിൽ വെച്ച് സമ്മേളന പ്രതിനിധികളായ ജനപ്രതിനിധികളെ പ്രത്യേകമായി ആദരിക്കുകയുണ്ടായി.

സംസ്ഥാന കമ്മിറ്റി അംഗം കെ. ഷിജു, ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി.വി ഗിരിജ, പി.കെ ബാബു എന്നിവരും ചടങ്ങിൽ സംസാരിച്ചു. സമ്മേളനത്തിന് എൻ.എം സുനി സ്വാഗതവും സതി കിഴക്കയിൽ നന്ദിയും രേഖപ്പെടുത്തി.

സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് കർഷക സംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. എൻ. സത്യനെ പ്രസിഡന്റായും, എം.എം രവീന്ദ്രൻ, ടി.വി ഗിരിജ എന്നിവരെ വൈസ് പ്രസിഡന്റുമാരായും തിരഞ്ഞെടുത്തു.

പി.സി സതീഷ് ചന്ദ്രനാണ് പുതിയ സെക്രട്ടറി. ബേബി സുന്ദർരാജ്, സി. പ്രഭാകരൻ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും എ.എം സുഗതനെ ട്രഷററായും സമ്മേളനം ഐകകണ്ഠ്യേന തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/364873/kerala-farmers-association-koyilandy-area-conference)