---
title: "മഴ കനത്തു, കുഴികൾ നിറഞ്ഞു; പയ്യോളി ജംഗ്ഷനിൽ റോഡ് തകർന്ന് യാത്ര ദുരിതത്തിൽ"
english_title: "Travel inconvenience at Payyoli Junction"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/364864/travel-inconvenience-at-payyoli-junction"
published_at: "2026-06-09T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a27b80fa8bb8_koyi2.jpg"
keywords: ["Latest News", "Payyoli", "Travel inconvenience"]
---

# മഴ കനത്തു, കുഴികൾ നിറഞ്ഞു; പയ്യോളി ജംഗ്ഷനിൽ റോഡ് തകർന്ന് യാത്ര ദുരിതത്തിൽ

> **Lead Summary:** **പയ്യോളി: [ **ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള പ്രവൃത്തികൾ നടക്കുന്ന പയ്യോളി ജംഗ്ഷനിലും സർവീസ് റോഡുകളിലും റോഡ് പൂർണ്ണമായി തകർന്ന് യാത്രക്കാർ കടുത്ത ദുരിതത്തിൽ.

## Article Content

**പയ്യോളി: [ **ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള പ്രവൃത്തികൾ നടക്കുന്ന പയ്യോളി ജംഗ്ഷനിലും സർവീസ് റോഡുകളിലും റോഡ് പൂർണ്ണമായി തകർന്ന് യാത്രക്കാർ കടുത്ത ദുരിതത്തിൽ.

ശരിയായ രീതിയിൽ ടാറിങ് നടത്താത്തതിനാൽ റോഡിലെ വൻ കുഴികളിൽ വെള്ളം നിറഞ്ഞ് കാൽനടയാത്ര പോലും അസാധ്യമായ അവസ്ഥയാണിവിടെ. കുഴികളറിയാതെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് ഇവിടെ നിത്യസംഭവമായി മാറിയിരിക്കുകയാണ്.

പയ്യോളി ബസ് സ്റ്റാൻഡിന് മുൻവശത്തും സമാനമായ രീതിയിൽ വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. ടൗണിലെ വടക്കുഭാഗത്തുള്ള ഐ.ഓ.സി പെട്രോൾ പമ്പ് മുതൽ കോഴിക്കോട് ഭാഗത്തേക്കുള്ള സർവീസ് റോഡ് വരെ കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ കെണിയായി മാറിയിട്ടുണ്ട്.

ബീച്ച് റോഡിലെ റെയിൽവേ ഗേറ്റ് തുറക്കുമ്പോൾ ഒന്നിച്ച് വരുന്ന വാഹനങ്ങൾ ഈ കുഴികൾ വെട്ടിച്ച് മാറ്റിപ്പോകാൻ ശ്രമിക്കുന്നത് വലിയ അപകടസാധ്യതയാണ് ഉയർത്തുന്നത്. തിരക്കേറിയ ഈ സർവീസ് റോഡിലെ വാഹനങ്ങളെ നിയന്ത്രിക്കാൻ കഷ്ടിച്ച് ഒരു ട്രാഫിക് പോലീസുകാരൻ മാത്രമാണ് ഉണ്ടാകാറുള്ളത്.

കേവലം 100 മീറ്റർ മാത്രം നീളമുള്ള ഈ തകർന്ന ഭാഗം ശാസ്ത്രീയമായ രീതിയിൽ ടാർ ചെയ്താൽ തീരുന്ന പ്രശ്നമേയുള്ളൂവെന്ന് നാട്ടുകാർ പറയുന്നു. വ്യാപാരികളും പൊതുജനങ്ങളും പലതവണ നിർമ്മാണ കമ്പനിയുടെ ശ്രദ്ധയിൽ ഈ വിഷയം പെടുത്തിയെങ്കിലും ഇതുവരെ അനുകൂലമായ നടപടിയൊന്നും ഉണ്ടായിട്ടില്ല.

കാലവർഷം കനത്തതോടെ റോഡ് നന്നാക്കൽ പ്രവൃത്തി ഇനിയും നീണ്ടുപോകുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. ഈ ഭാഗത്ത് കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാനുള്ള താൽക്കാലിക സൗകര്യമെങ്കിലും അടിയന്തരമായി ഒരുക്കണമെന്ന ആവശ്യവും ശക്തമാണ്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/364864/travel-inconvenience-at-payyoli-junction)