---
title: "ദേശീയപാത മുറിച്ചുകടക്കാൻ ജീവൻ പണയം വെച്ച് പയ്യോളിയിലെ വിദ്യാർത്ഥികൾ; ഡിവൈഡർ ചാടിക്കടന്നുള്ള യാത്രയിൽ ആശങ്ക"
english_title: "Construction of the national highway in Payyoli, a journey across the divider"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/364700/construction-of-the-national-highway-in-payyoli-a-journey-across-the-divider"
published_at: "2026-06-08T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a268aeb7ad9a_KOYI5.jpg"
keywords: ["Latest News", "Payyoli", "National Highway"]
---

# ദേശീയപാത മുറിച്ചുകടക്കാൻ ജീവൻ പണയം വെച്ച് പയ്യോളിയിലെ വിദ്യാർത്ഥികൾ; ഡിവൈഡർ ചാടിക്കടന്നുള്ള യാത്രയിൽ ആശങ്ക

> **Lead Summary:** **പയ്യോളി: [ **പയ്യോളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് എല്ലാ ദിവസവും സ്കൂൾ ബെല്ല് മുഴങ്ങുന്നതിന് മുൻപും ശേഷവും നടത്തേണ്ടി വരുന്നത് മരണപ്പാച്ചിലാണ്.

## Article Content

**പയ്യോളി: [ **പയ്യോളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് എല്ലാ ദിവസവും സ്കൂൾ ബെല്ല് മുഴങ്ങുന്നതിന് മുൻപും ശേഷവും നടത്തേണ്ടി വരുന്നത് മരണപ്പാച്ചിലാണ്.

പുസ്തക സഞ്ചിയുമായി ഇറങ്ങുന്ന ഈ കുട്ടികൾക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി പഠനമല്ല, പകരം അതിവേഗത്തിൽ വാഹനങ്ങൾ പായുന്ന ദേശീയപാത മുറിച്ചുകടക്കുക എന്നതാണെന്നതാണ് യാഥാർത്ഥ്യം.

ദേശീയപാത വികസനത്തിന്റെ ഭാഗമായി ഈ ഭാഗത്ത് ഇതുവരെ സർവീസ് റോഡ് ഒരുക്കാത്തതാണ് വിദ്യാർത്ഥികളെയും നാട്ടുകാരെയും ഒരേപോലെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. സ്കൂളിൽ നിന്ന് വടകര ഭാഗത്തേക്ക് യാത്ര ചെയ്യേണ്ട വിദ്യാർത്ഥികൾക്ക് ബസ് കയറണമെങ്കിൽ ദേശീയപാതയുടെ മറുവശത്ത് എത്തേണ്ടതുണ്ട്.

എന്നാൽ ഇതിനായി സുരക്ഷിതമായ മറ്റ് സംവിധാനങ്ങളില്ലാത്തതിനാൽ, ഒടുവിൽ നിവൃത്തിയില്ലാതെ വിദ്യാർത്ഥികൾ വലിയ ഡിവൈഡറുകൾ സാഹസികമായി ചാടിക്കടന്നാണ് റോഡ് മുറിച്ചുകടക്കുന്നത്.

രാവിലെയും വൈകിട്ടുമുള്ള സ്കൂൾ സമയങ്ങളിൽ ദേശീയപാതയിലൂടെ വാഹനങ്ങൾ അമിതവേഗതയിൽ കടന്നുപോകുമ്പോൾ, കുട്ടികൾ ജീവൻ പണയം വെച്ചാണ് ഈ സാഹസത്തിന് മുതിരുന്നത്.

സ്കൂൾ യൂണിഫോമിൽ വലിയ പുസ്തക ബാഗുകളുമായി ഡിവൈഡർ മറി കടക്കുന്ന കുട്ടികളുടെ കാഴ്ച ഇവിടെ ഇപ്പോൾ നിത്യസംഭവമായി മാറിയിരിക്കുകയാണ്. സ്കൂളിൽ നിന്ന് ഏകദേശം 500 മീറ്റർ അകലെ ഡിവൈഡറിൽ ചെറിയൊരു തുറസ്സായ ഭാഗമുണ്ടെങ്കിലും അത്രയും ദൂരം നടന്നുപോയി വണ്ടി കയറാൻ സമയക്കുറവ് മൂലം പല വിദ്യാർത്ഥികളും തയ്യാറാകാറില്ല.

ഈ ഭാഗത്ത് അണ്ടർപാസ് ഉണ്ടല്ലോ എന്ന ചോദ്യം ഉയരുന്നുണ്ടെങ്കിലും, അണ്ടർപാസിൽ നിന്ന് ദേശീയപാതയിലേക്ക് സുരക്ഷിതമായി എത്തിച്ചേരാൻ ആവശ്യമായ അനുബന്ധ റോഡുകളോ മറ്റ് സൗകര്യങ്ങളോ കരാർ കമ്പനി ഒരുക്കിയിട്ടില്ല.

അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്കും മറ്റ് യാത്രക്കാർക്കും ഈ ദുരിതയാത്രയല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ലാത്ത അവസ്ഥയാണ്.

വിദ്യാർത്ഥികൾ മാത്രമല്ല, പയ്യോളിയിലെ പ്രദേശവാസികളും ഇതേ യാത്രാദുരിതത്തിലാണ്. ബസ് കയറാനും ഇറങ്ങാനും സുരക്ഷിതമായ സ്റ്റോപ്പുകളോ സൗകര്യങ്ങളോ ഇല്ലാത്തതിനാൽ സ്ത്രീകളും വയോധികരും വലിയ ബുദ്ധിമുട്ടാണ് ഇവിടെ അനുഭവിക്കുന്നത്. ഒരു വലിയ ചോരച്ചൊരിച്ചിലിനോ അപകടത്തിനോ കാത്തുനിൽക്കാതെ, അധികൃതർ അടിയന്തരമായി ഇടപെട്ട് സർവീസ് റോഡും സുരക്ഷിതമായ നടപ്പാതയും ബസ് സ്റ്റോപ്പും ഒരുക്കണമെന്നാണ് പയ്യോളിയിലെ നാട്ടുകാരുടെ ശക്തമായ ആവശ്യം.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/364700/construction-of-the-national-highway-in-payyoli-a-journey-across-the-divider)