---
title: "ഒടുവിൽ ആശ്വാസം; ചേമഞ്ചേരിയിലെ ചെളിക്കുളമായ റെയിൽവേ സ്റ്റേഷൻ റോഡിന്റെ നിർമ്മാണ പ്രവൃത്തികൾ പുനരാരംഭിച്ചു"
english_title: "Travel disruption on Chemancherry Railway Station Road"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/364642/travel-disruption-on-chemancherry-railway-station-road"
published_at: "2026-06-08T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a265c65ccc7f_KOYI1.jpg"
keywords: ["Latest News", "Chemanchery", "Railway Station Road", "Work Has Resumed"]
---

# ഒടുവിൽ ആശ്വാസം; ചേമഞ്ചേരിയിലെ ചെളിക്കുളമായ റെയിൽവേ സ്റ്റേഷൻ റോഡിന്റെ നിർമ്മാണ പ്രവൃത്തികൾ പുനരാരംഭിച്ചു

> **Lead Summary:** **ചേമഞ്ചേരി: [ **ദേശീയപാത വികസന ജോലികൾ പാതിവഴിയിലായതിനെ തുടർന്ന് പൂർണ്ണമായും ചെളിക്കുളമായി മാറിയ ചേമഞ്ചേരി റെയിൽവേ സ്റ്റേഷൻ-ഹൈവേ യാത്രാറോഡിൽ ഒടുവിൽ നിർമ്മാണ പ്രവൃത്തികൾ പുനരാരംഭിച്ചു.

## Article Content

**ചേമഞ്ചേരി: [ **ദേശീയപാത വികസന ജോലികൾ പാതിവഴിയിലായതിനെ തുടർന്ന് പൂർണ്ണമായും ചെളിക്കുളമായി മാറിയ ചേമഞ്ചേരി റെയിൽവേ സ്റ്റേഷൻ-ഹൈവേ യാത്രാറോഡിൽ ഒടുവിൽ നിർമ്മാണ പ്രവൃത്തികൾ പുനരാരംഭിച്ചു.

ആഴ്ചകളായി മുടങ്ങിക്കിടന്ന പണി തീർക്കുന്നതിനായി ടാറിങ്ങിന് മുന്നോടിയായുള്ള സിമന്റ് മിശ്രിതം ഇടുന്ന ജോലികളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. ദേശീയപാതയും ചേമഞ്ചേരി റെയിൽവേ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന ഈ റോഡിൽ ആഴ്ചകളായി വെള്ളം കെട്ടിക്കിടന്ന് യാത്രായോഗ്യമല്ലാതായതോടെ പ്രദേശവാസികൾ കടുത്ത ദുരിതത്തിലായിരുന്നു.

പ്രായമായവരും സ്കൂൾ കുട്ടികളുമടങ്ങുന്ന വലിയൊരു ജനവിഭാഗത്തിന് ബസ് സർവീസുകളെയും മറ്റ് വാഹനങ്ങളെയും ആശ്രയിക്കാൻ ആകെയുള്ള ഏക ആശ്രയമാണ് ഈ പാത. കഴിഞ്ഞ ദിവസങ്ങളിൽ മഴ മാറിയിട്ടുപോലും റോഡിലെ വെള്ളക്കെട്ട് പൂർണ്ണമായി ഒഴിഞ്ഞുപോകാത്ത അവസ്ഥയായിരുന്നു.

വരും ദിവസങ്ങളിൽ കനത്ത മഴ പെയ്താൽ ഇതുവഴിയുള്ള യാത്ര പൂർണ്ണമായും തടസ്സപ്പെടുമെന്ന ആശങ്കയിലായിരുന്നു ജനങ്ങൾ. അധികൃതരുടെ ഭാഗത്തുനിന്നും യാതൊരുവിധ നടപടിയും ഉണ്ടാകാതിരുന്നതിനെ തുടർന്ന് നാട്ടുകാർ തന്നെ മുൻകൈയെടുത്ത് റോഡിൽ വലിയ പാറക്കല്ലുകൾ നിരത്തി, അതിൽ ചവിട്ടിയാണ് ഇതുവരെ സാഹസികമായി യാത്ര ചെയ്തിരുന്നത്.

ഇതേത്തുടർന്ന് നാട്ടുകാരുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് ഇപ്പോൾ അധികൃതർ പണി പുനരാരംഭിക്കാൻ തയ്യാറായത്. കാലവർഷം കടുക്കുന്നതിന് മുൻപ് തന്നെ റോഡിന്റെ പണി പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണ് ചേമഞ്ചേരിയിലെ ജനങ്ങൾ.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/364642/travel-disruption-on-chemancherry-railway-station-road)