---
title: "ചേമഞ്ചേരി യു.പി സ്കൂളിൽ പ്രവീൺ കുമാർ എം.എൽ.എയുടെ 'സ്നേഹച്ചെപ്പ്' പഠനക്കിറ്റ് വിതരണം ചെയ്തു"
english_title: "Praveen Kumar MLA's study kit distributed"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/364454/praveen-kumar-mlas-study-kit-distributed"
published_at: "2026-06-07T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2518ba7c95a_KOYI6.jpg"
keywords: ["Latest News", "Kappad", "Chemancherry UP School", "Study Kit Distribution"]
---

# ചേമഞ്ചേരി യു.പി സ്കൂളിൽ പ്രവീൺ കുമാർ എം.എൽ.എയുടെ 'സ്നേഹച്ചെപ്പ്' പഠനക്കിറ്റ് വിതരണം ചെയ്തു

> **Lead Summary:** **കാപ്പാട്: [**അക്ഷരമുറ്റത്തേക്ക് ആദ്യമായി ചുവടുവെച്ചെത്തിയ ഒന്നാം ക്ലാസിലെ കുരുന്നുകൾക്ക് ഇരട്ടി മധുരവുമായി പ്രവീൺ കുമാർ എം.എൽ.എയുടെ 'സ്നേഹച്ചെപ്പ്' പഠനക്കിറ്റ് വിതരണം.

## Article Content

**കാപ്പാട്: [**അക്ഷരമുറ്റത്തേക്ക് ആദ്യമായി ചുവടുവെച്ചെത്തിയ ഒന്നാം ക്ലാസിലെ കുരുന്നുകൾക്ക് ഇരട്ടി മധുരവുമായി പ്രവീൺ കുമാർ എം.എൽ.എയുടെ 'സ്നേഹച്ചെപ്പ്' പഠനക്കിറ്റ് വിതരണം.

ചേമഞ്ചേരി യു.പി സ്കൂളിൽ വെച്ചാണ് പുതിയ അധ്യയന വർഷത്തിൽ വിദ്യാലയത്തിൽ പ്രവേശനം നേടിയ മുഴുവൻ കൊച്ചുകൂട്ടുകാർക്കുമുള്ള ഈ പ്രത്യേക സമ്മാനപ്പൊതി വിതരണം ചെയ്തത്.

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയ്ബോസ് വിതരണോദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ ജീവിതത്തിന്റെ ആദ്യ നാളുകളിൽ കുട്ടികൾക്ക് പഠനത്തോടുള്ള കൗതുകവും ആവേശവും കൂട്ടാൻ എം.എൽ.എയുടെ ഈ വേറിട്ട സമ്മാന പദ്ധതിക്ക് സാധിച്ചിട്ടുണ്ട്.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദാ കബീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനപ്രതിനിധികളും അധ്യാപകരും ഒത്തുചേർന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഫാ മനാഫ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശശിധരൻ കുനിയിൽ, വാർഡ് മെമ്പർമാരായ പി.പി. ശ്രീജ, ബിനേഷ്, ശ്രീജ കണ്ടിയിൽ എന്നിവരും അധ്യാപകരായ ബിജു കാവിൽ, ഷരീഫ് കാപ്പാട് എന്നിവരും യോഗത്തിൽ ആശംസകൾ നേർന്ന് സംസാരിച്ചു.

സ്കൂൾ ഹെഡ്മിസ്ട്രസ് സഫിയ കെ. സ്വാഗതം ആശംസിച്ച ചടങ്ങിൽ ഷീജ എസ്. നന്ദി പ്രകടിപ്പിച്ചു. വരുംവർഷങ്ങളിലും പൊതുവിദ്യാലയങ്ങളിലേക്ക് കൂടുതൽ കുട്ടികളെ ആകർഷിക്കാൻ ഇത്തരത്തിലുള്ള സ്നേഹസമ്മാനങ്ങൾ വലിയ രീതിയിൽ സഹായിക്കുമെന്നാണ് അധ്യാപകരും രക്ഷിതാക്കളും ഒരേസ്വരത്തിൽ പറയുന്നത്.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/364454/praveen-kumar-mlas-study-kit-distributed)